മലയാളികളുടെ മണിനാദം നിലച്ചിട്ട് എട്ട് വർഷം

മലയാളികളുടെ മണിനാദം നിലച്ചിട്ട് എട്ട് വർഷം

രണ്ട് ദശാബ്ദം ആരാധകരെ ചിരിപ്പിച്ച കരയിപ്പിച്ച ചിന്തിപ്പിച്ച കലാഭവൻ മണി ഓർമയായിട്ട് ഇന്നേക്ക് എട്ട് വർഷം. ആടിയും പാടിയും മലയാളികളുടെ മനസില്‍ ചേക്കേറിയ കലാഭവൻ മണിയുടെ വേര്‍പാട് ഇന്നും തീരാനഷ്ടമാണ്. മണിയെപ്പോലെ മണിയല്ലാതെ മറ്റാര്? അവസാനം അഭിനയിച്ച ചിത്രത്തിന്റെ പേരുപോലെതന്നെ യാത്ര ചോദിക്കാതെയായിരുന്നു മണിയുടെ മടക്കവും. മലയാളികളെ സംബന്ധിച്ച് മാർച്ചിലെ തീരാ നഷ്ടം. 2016 മാർച്ച് ആറിനായിരുന്നു സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടുള്ള മണിയുടെ വിയോഗം. 

പാട്ടായിരുന്നു ജീവിതം, ആ പാട്ടിന് ചാലക്കുടിപ്പു‍ഴയുടെ ഓളത്തിനപ്പുറം ഇന്നാട്ടിലെ സാധാരണക്കാരന്‍റെ ജീവിതതാളമായിരുന്നു. പാട്ടിന് ജീവിതയാഥാർഥ്യങ്ങളുടെ ഈണവും താളവുമുണ്ടെന്നു തെളിയിച്ചു കലാഭവൻ മണി. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തു വച്ചു. ഉള്ളുലക്കുന്ന ജീവിതയാഥാർത്ഥ്യങ്ങളോക്കെയും ഒരു മറയുമില്ലാതെ അയാൾ ഉറക്കെപ്പാടുമ്പോൾ കാ‍ഴ്ചക്കാരുടെ നെഞ്ചും വിങ്ങി. വിസ്മൃതിയിലേക്കാണ്ടുപോയ നാടന്‍പാട്ടെന്ന കലയെ ഇത്രമേല്‍ ജനപ്രിയമാക്കിയ മറ്റൊരു മലയാളിയുണ്ടാകില്ല. പാട്ടുപോലെതന്നെ ചടുലമായിരുന്നു മണിയെന്ന കലാകാരന്‍റെ ജീവിതവും. മണി എന്നുമൊരു ആഘോഷമായിരുന്നു. ഇല്ലായ്മകളില്‍നിന്ന് പോരാടുന്ന ഓരോ മലയാളിയുടെയും മുന്നില്‍വച്ച ബഹുമുഖങ്ങളുള്ള കണ്ണാടി. പഠനത്തിൽ പിന്നോക്കക്കാരനായപ്പോഴും പഠനമൊഴികെയുള്ള എല്ലാ വിഷയത്തിലും മുന്നിട്ടു നിന്ന വിദ്യാർത്ഥി. പത്താം ക്ലാസ്സിൽ പഠനം നിർത്തി തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായുമൊക്കെ ഉപജീവനം നടത്തിയ ഒരു സാധാരണക്കാരൻ. എന്നാൽ, പട്ടിണിയ്ക്കും പരിവട്ടങ്ങൾക്കുമൊപ്പം വളരുമ്പോഴും കെടാത്ത അഗ്നിപോലെ മനസ്സിൽ കലയോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിച്ചവൻ. ആ ഇഷ്ടമാണ് മണിയെന്ന ചെറുപ്പക്കാരനെ കലാഭവന്റെ മിമിക്സ് ട്രൂപ്പിലെത്തിച്ചത്. വർഷങ്ങൾക്കിപ്പുറവും ഉത്സവപ്പറമ്പുകളിൽ മണിപ്പാട്ടിനോ‍ളം ഡിമാൻഡ് മറ്റൊന്നിനില്ല. നാടൻപ്പാട്ടിന് ജനകീയമു‍ഖമായ് മണി. ആ പാട്ടിൽ നഷ്ടപ്രണയവും ഒറ്റപ്പെടലുമൊക്കെയും കടന്നുവ‍രുമ്പോ‍ഴും കാ‍ഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കാനും മണിക്കായി.

ഒരു കാലത്തെ നാട്ടിൻപുറങ്ങളിലെ ഓണം ആഘോഷമാക്കിയത് മണിയുടെ പാട്ട് കാസറ്റുകളായിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി, കറുമ്പനാളൊരു കുറുമ്പനാളൊരു കുറുമ്പനാ അങ്ങനെ എര്തയെത്ര ഹിറ്റുകൾ. ജീവിതവും പാട്ടും സിനിമയുമായി കണ്ണിമുറിയാത്തൊരു ബന്ധമായിരുന്നു മണിക്ക്. കലാശാലയുടേയോ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയോ പിന്‍ബലമില്ലാതെ ചാലക്കുടി മണി കലാഭവൻ മണിയായി. സൗന്ദര്യത്തിനു പ്രത്യക്ഷത്തിലും ജാതിവ്യവസ്ഥയ്ക്ക് പരോക്ഷമായും വേരുകളുണ്ടായിരുന്ന മലയാള സിനിമാലോകത്ത് നായകന്റെ എർത്തോ വീട്ടുവേലക്കാരനോ പാൽകാരനോ ചെത്തുകാരനോ ഒക്കെയായി ഒതുങ്ങിപ്പോയേക്കാവുന്ന സാധ്യതകൾ മാത്രമായിരുന്നു ആ ചെറുപ്പക്കാരനു മുന്നിലുണ്ടായിരുന്നത്. എന്നാൽ, പ്രതിഭയും നിഷ്‌കളങ്കമായ ചിരിയും സ്വതസിദ്ധമായ നർമ്മവും നാടൻപാട്ടുകളും കൊണ്ട് തന്റെ കഥാപാത്രങ്ങൾക്ക് കലാഭവൻ മണി ജീവൻ പകർന്നപ്പോൾ തകര്‍ത്തെറിയപ്പെട്ടത് ചില അഭിനയ സമ്പ്രദായങ്ങൾകൂടിയായിരുന്നു. ഒരു സിനിമാതാരത്തിന്റെ താരപരിവേഷമൊക്കെമാറ്റിവച്ച്‌, ഒരൊറ്റയാനെപ്പോലെ മണി മണ്ണില്‍ ചവിട്ടി നിന്നു. സിബി മലയിലിന്‍റെ അക്ഷരത്തിലെ ആട്ടോ ഡ്രൈവർ, ആ ട്രേഡ് മാർക്ക് ചിരിയുമായി പിന്നീട് അങ്ങോട്ട് സിനിമയിലെ മണിക്കാലം…പകരംവയ്ക്കാനില്ലാത്ത ഒരുപിടി കഥാപാത്രങ്ങള്‍. നായകനായും പ്രതിനായകനായും സഹനടനായും മണി തിളങ്ങി. തെന്നിന്ത്യന്‍ സിനിമയില്‍ മണിക്ക് തുല്യം മണി മാത്രമായി. 

സിനിമക്കപ്പുറം നാട്ടിലേ തൊഴിലാളികളെയും സാധാരണക്കാരെയും ചേർത്ത് നിർത്തിയ നല്ല അസൽ കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു. എല്ലാത്തിനുമൊടുവിൽ ചാലക്കുടിപ്പുഴയോടും സിനിമയോടും വിട പറഞ്ഞുപോയപ്പോഴും തന്റെ ശൂന്യതക്കു പകരം വെയ്ക്കാൻ ഒരു പാട്ടുകൂടി ഉറക്കെ പാടിവെക്കാനും മണി മറന്നില്ല. 2016 മാർച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ 'പാഡി'യിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഒടുവിൽ, പാതിവഴിയിലെവിടെയോ മുറിഞ്ഞു പോയ ഒരു നാടൻ പാട്ടു പോലെ ജീവിതത്തിൽ നിന്ന് ആ മനുഷ്യന്റെ മടക്കം ഇന്നും ഉണങ്ങാത്ത നൊമ്പരമായി നിൽക്കുന്നു.
Previous Post Next Post