മദേഴ്സ് എന്‍ഡോവ്മെന്റ്; മാതാക്കള്‍ക്കായി ശൈഖ് മുഹമ്മദ് നൂറ് കോടി ചാരിറ്റി കാമ്പയിന്‍ പ്രഖ്യാപിച്ചു
ദുബൈ | വിശുദ്ധ റമസാന്‍ മാസത്തിന് മുന്നോടിയായി, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു എ ഇയിലെ അമ്മമാരെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെ ‘മദേഴ്സ് എന്‍ഡോവ്മെന്റ്’ കാമ്പയിന്‍ ആരംഭിച്ചു. മാതാക്കള്‍ക്ക് വേണ്ടി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നൂറ് കോടി ദിര്‍ഹമിന്റെ ഫണ്ട് സ്വരൂപിക്കും.
ഹൃദയസ്പര്‍ശിയായ സന്ദേശത്തോടെ എല്ലാവരോടും ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്ലാമിലെ ഉമ്മമാരുടെ പദവി എടുത്തുകാണിച്ചു കൊണ്ടാണ് സന്ദേശം.
ജീവിതത്തിലെ ആദ്യ ഗുരുവാണ് മാതാവ്. തലമുറകളെ കെട്ടിപ്പടുക്കുകയും വളര്‍ത്തുകയും തന്റെ മക്കള്‍ക്ക് അത്യാവശ്യമായ അറിവുകള്‍ നല്‍കുകയും ചെയ്യുന്നത് അമ്മയാണ്. മദേഴ്സ് എന്‍ഡോവ്മെന്റിന് ഓരോ വ്യക്തിക്കും തന്റെ മാതാവിന്റെ പേരില്‍ സംഭാവന നല്‍കാനുള്ള അവസരം നല്‍കിക്കൊണ്ട് അവരെ ആദരിക്കുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. പുത്രഭക്തി, വാത്സല്യം, അനുകമ്പ, ഐക്യദാര്‍ഢ്യം എന്നിവയുടെ മൂല്യങ്ങള്‍ സ്ഥാപിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്ന പ്രോത്സാഹജനകമായ കുടുംബ അന്തരീക്ഷം പ്രദാനം ചെയ്യുന്നതില്‍ ഇമാറാത്തി മാതാവ് വഹിക്കുന്ന പങ്ക് ഉയര്‍ത്തിക്കാട്ടാനും ശ്രമിക്കുകയാണ് ഇതിലൂടെ.
‘മാതാവ് സ്വര്‍ഗമാണ്. സ്വര്‍ഗത്തിലേക്കുള്ള പാതയാണ്. ഈ ദാനത്തില്‍ പങ്കെടുക്കാന്‍ ആബാലവൃദ്ധം പുരുഷന്മാരെയും സ്ത്രീകളെയും ഞങ്ങള്‍ ക്ഷണിക്കുന്നു. ഞങ്ങള്‍ അമ്മമാരെ സന്തോഷിപ്പിക്കുന്നു. അതിലൂടെ നാഥനെ പ്രസാദിപ്പിക്കുന്നു. നന്മയിലും സ്‌നേഹത്തിലും കാരുണ്യത്തിലും നാം റമസാന്‍ മാസം വ്രതം അനുഷ്ഠിക്കുന്നു.’ ശൈഖ് മുഹമ്മദ് പറഞ്ഞു.
അറിവാണ് പ്രതീക്ഷയും ജോലിയും. അറിവ് ഒരു മികച്ച ജീവിതമാണ്. അറിവ് ആളുകളെ കെട്ടിപ്പടുക്കുകയും രാഷ്ട്രങ്ങളെ വളര്‍ത്തുകയും ചെയ്യുന്നു. അറിവും പ്രതീക്ഷയും നല്‍കുന്നതിന് സംഭാവന ചെയ്യുക എന്നതാണ് യു എ ഇയിലെ ഞങ്ങളുടെ പങ്ക്.
മദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിന്‍ ലോകത്തിലെ ദരിദ്രരായ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇമാറാത്തി കുടുംബം കുട്ടികളില്‍ പകര്‍ന്നുനല്‍കിയ അനുകമ്പയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും ഉദാത്തമായ മൂല്യങ്ങള്‍ ഇത് ഉള്‍ക്കൊള്ളുന്നു.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് ഫൗണ്ടേഷന്‍ നടപ്പാക്കി വരുന്ന റമസാന്‍ കാമ്പയിനുകളുടെ വിപുലീകരണമായാണ് പുതിയ കാമ്പയിന്‍. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മാതാക്കളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനും അവരുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും മാന്യമായ ജീവിതം ഉറപ്പുനല്‍കുന്ന ജീവിതം സൃഷ്ടിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളും കഴിവുകളും നല്‍കുകയും ചെയ്യും.