സമാദരണീയ സദസ്സുമായി വടക്കാഞ്ചേരി നഗരസഭ
വടക്കാഞ്ചേരി : 2022-23 വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനവും മഹാത്മ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന്റെ മികവിന് സംസ്ഥാനത്ത് ഒന്നാംസ്ഥാനവും ലഭിച്ചതിൽ പ്രവർത്തിച്ചവരെ ആദരിക്കാൻ നഗരസഭ സമാദരണീയമൊരുക്കി. റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്തു.
2021-22 വർഷത്തിൽ ലഭിച്ച അംഗീകാരങ്ങൾ നിലനിർത്തി അഭിമാനകരമായ നേട്ടം കൈവരിച്ച നഗരസഭയിലെ കൗൺസിലർമാരെയും ജീവനക്കാരെയും മറ്റു കൂട്ടായ്മകളെയും മന്ത്രി അഭിനന്ദിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷനായി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീലാ മോഹൻ, സ്ഥിരംസമിതി ചെയർമാൻമാരായ എം.ആർ. അനൂപ് കിഷോർ, ജമീലാബി, സ്വപ്നാ ശശി, സി.വി. മുഹമ്മദ് ബഷീർ, സെക്രട്ടറി കെ.കെ. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.