ഇനി 200 ഹാജിമാര്‍ക്ക് ഒരു വളണ്ടിയര്‍
കോഴിക്കോട് | ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരുടെ സഹായത്തിനായി അനുഗമിക്കുന്ന വളണ്ടിയര്‍മാരുടെ ( ഖാദിമുല്‍ ഹുജ്ജാജ്) അനുപാതം കുറച്ചു. 300 ഹാജിമാര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന അനുപാതമാണ് 200 പേര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ പുനഃക്രമീകരിച്ചത്.
സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ചുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അറിയിപ്പ് കഴിഞ്ഞ ദിവസം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചു.
ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും സ്ത്രീ തീര്‍ഥാടകരും പ്രായം കൂടിയവരുമായതിനാല്‍ യാത്രയിലുടനീളം വളണ്ടിയര്‍മാരുടെ സേവനം പരമാവധി ലഭ്യമാക്കുന്നതിനും തീര്‍ഥാടകരുടെ പ്രയാസങ്ങള്‍ അകറ്റുന്നതിനും വളണ്ടിയര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുര്‍റഹ്മാനും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം എട്ടിന് മുംബൈയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ യോഗത്തിലും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഇക്കാര്യം പ്രത്യേകം ഉന്നയിച്ചു. ഇതിനെ തുടര്‍ന്നാണ് വളണ്ടിയര്‍മാരുടെ അനുപാതം കുറച്ചത്. 300 പേര്‍ക്ക് ഒരാള്‍ എന്ന അനുപാതത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം വരെ വളണ്ടിയര്‍മാരെ തിരഞ്ഞെടുത്തത്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം 21 പേരായിരുന്നു കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ സേവനത്തിനായി വളണ്ടിയര്‍മാരായി നിയോഗിക്കപ്പെട്ടത്.
ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍ നിന്നും 17,603 തീര്‍ഥാടകര്‍ക്കാണ് ഇതുവരെ ഹജ്ജിന് അവസരം ലഭിച്ചത്. വളണ്ടിയര്‍ അനുപാതത്തില്‍ കുറവ് വരുത്തിയതോടെ ഈ വര്‍ഷം 80ല്‍പ്പരം വളണ്ടിയര്‍മാര്‍ തീര്‍ഥാടകരെ അനുഗമിച്ചേക്കും. വളണ്ടിയര്‍ അനുപാതത്തില്‍ കുറവ് വരുത്തിയ തീരുമാനത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രശംസിച്ചു.