റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
തിരുവന്തപുരം : സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനമെടുത്തത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോഡ് ഉണ്ടായി. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും റെക്കോഡാണ്. 92.10 ദശലക്ഷം യൂണിറ്റാണ് പുറത്തു നിന്നും എത്തിച്ചത്. പീക്ക് സമയ ആവശ്യകത 5797 മെഗാവാട്ട് എത്തി റെക്കോർഡിട്ടു. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിട്ടും ഉപയോഗം കുറയാത്തത് ബോർഡിനെ ആശങ്കപ്പെടുത്തുന്നു. ഇന്നലെ സംസ്ഥാനത്തെ പലയിടത്തും പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.