സ്കൂളുകൾ ജൂൺ 3ന് തുറക്കും മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം:അടുത്ത അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു
അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം. സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം.
സ്‌കൂൾ ബസ്സുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്ര ഭാഷയിൽ വിദ്യാഭ്യാസം ചെയ്യാൻ അവസരം നൽകുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെന്റർ ടീച്ചർമാർ സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണം. എല്ലാ കുട്ടികളും സ്‌കൂളുകളിൽ എത്തുന്നുവെന്ന് ട്രൈബൽ പ്രൊമോട്ടർമാർ ഉറപ്പാക്കണം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ൻ നടത്തണം. വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കണം