പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസ്: കൊടുങ്ങല്ലൂർ സ്വദേശികൾ അറസ്റ്റിൽ

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസ്: കൊടുങ്ങല്ലൂർ സ്വദേശികൾ അറസ്റ്റിൽ
പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ് എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ നിസാർ (26) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ രഞ്ജിത്ത് ആർ നായരുടെ വീട്ടിലാണ് സംഘം കവർച്ച നടത്തിയത്.പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂരുള്ള ലോഡ്‌ജിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും 47 പവനോളം സ്വർണാഭരണം കണ്ടെടുത്തു. സ്കൂട്ടറിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രണ്ടംഗ സംഘം മോഷണത്തിന് കയറിയത്.മുൻവശത്തെ വാതിൽ തകർക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടതോടെ ഗോവണി ഉപയോഗിച്ച് രണ്ടാം നിലയിൽ കയറി വാതിൽ തുറന്ന് അലമാരിയിൽ സൂക്ഷിച്ച സ്വർണം കവർന്ന് കടന്നുകളയുകയായിരുന്നു.അന്ന് രാത്രി തന്നെ മറ്റൊരു വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കൊടുങ്ങല്ലൂരിലുള്ള ലോഡ്‌ജിൽ ഉണ്ടെന്ന് അറിഞ്ഞത്. പോലീസ് ലോഡ്ജ് വളഞ്ഞ് പിടികൂടുകയായിരുന്നു.മോഷണത്തിനായി എത്തിച്ചേർന്ന സ്കൂട്ടറും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കറുത്ത മാസ്ക് ഉൾപ്പെടെയുള്ള വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ബൈജുവിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 16 കേസുകളുണ്ട്. റൂറൽ ജില്ലയിൽ മാത്രം 10 കേസുകൾ നിലവിലുണ്ട്.പരസ്യം ചെയ്യൽഅന്വേഷണ സംഘത്തിൽ ഡി വൈ എസ്‌ പി വി എ നിഷാദ് മോൻ, ഇൻസ്പെക്ടർ അബ്ബാസ് അലി എം, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീദേവി കെ എസ്, രാജേഷ് കെ കെ, ജി ശശിധരൻ (രാമമംഗലം), അസി.സബ്ബ് ഇൻസ്പെക്ടർമാരായ ബിജു ജോൺ, സുരേഷ് കുമാർ കെ കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബി ചന്ദ്രബോസ്, അഖിൽ പി ആർ, കെ ജി ജോസഫ് (നോർത്ത് പറവൂർ) തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.മോഷണം നടന്ന് 5 ദിവസത്തിനുള്ളിൽ 45 ലക്ഷം രൂപയുടെ സ്വർണം കവര്‍ന്ന സംഘത്തെ പിടികൂടാൻ കഴിഞ്ഞത് കേരള പൊലീസിന് അഭിമാന നേട്ടമാണ്. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
Previous Post Next Post