പ്രധാനമന്ത്രി മൗനം പാലിക്കുന്നു; ബംഗാള്‍ ഗവര്‍ണര്‍ക്കതിരായ ലൈംഗികാതിക്രമ പരാതിയില്‍ മമത ബാനര്‍ജി
കൊല്‍ക്കത്ത| ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്ഭവനിലെ ജീവനക്കാരിയോട് ഗവര്‍ണര്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി ഞെട്ടിച്ചുവെന്നും യുവതിയുടെ കണ്ണീര്‍ തന്റെ ഹൃദയം തകര്‍ത്തുവെന്നും മമത പറഞ്ഞു. രാജ്ഭവന്‍ സന്ദര്‍ശിച്ചിട്ടും പ്രധാനമന്ത്രി വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും പീഡനത്തിരയായ സ്ത്രീയെ അവഗണിച്ച് മോദി മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മമത വിമര്‍ശിച്ചു.
അതേസമയം ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചു. സെന്‍ട്രല്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഇന്ദിരാ മുഖര്‍ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പ്രാഥമിക അന്വേഷണം ഉടന്‍ തുടങ്ങുമെന്നാണ് വിവരം. പരാതിയില്‍ പറഞ്ഞ ദിവസങ്ങളില്‍ സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം ഇതിനുശേഷം തീരുമാനിക്കുമെന്നാണ് സൂചന.