നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം: യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പൊലീസ്;
കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നാടിനെ നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയായ യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പൊലീസ്. തൃശൂർ സ്വദേശിയായ യുവാവുമായി യുവതിക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫോണിൽ നിന്നടക്കമുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം യുവാവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ കുഞ്ഞിന്‍റെ അമ്മയായ 23 കാരി കുറ്റം സമ്മതിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ മാധ്യമങ്ങളോട് പ്രതകരിച്ചിരുന്നു. ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ സമീപത്തെ ഫ്ലാറ്റിലെ താമസക്കാരിയായ അമ്മ കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നു. തലയോട്ടിക്കുണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കീഴ് താടിക്കും പരുക്കുണ്ട്. മുറിക്കുള്ളിൽ വെച്ചാണോ റോഡിൽ വീണതിനെ തുടർന്നാണോ മരണ കാരണമായ പരിക്ക് തലയോട്ടിക്ക് ഉണ്ടായതെന്ന് പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞിന്റെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി. യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മകൾ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾക്ക് അറിയുമായിരുന്നില്ലെന്നാണ് നിഗമനം. ഇന്ന് പുലര്‍ച്ചെയായിരുന്നു പ്രസവം നടന്നത് എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. ഗര്‍ഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ മൊഴി അനുസരിച്ച് ബലാത്സംഗത്തിന് കൂടി കേസെടുക്കാനാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. റോഡിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെപ്പൊതിഞ്ഞിരുന്ന ആമസോൺ കവർ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണമാണ് ഒടുവിൽ അഞ്ചാം നിലയിൽ താമസിക്കുന്ന യുവതിയിലേക്ക് എത്തിയത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയതിനാണ് 23കാരിയായ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ അവിവാഹിതയായ യുവതി ആരിൽ നിന്ന് ഗർഭിണിയായി എന്നതിലായിരുന്നു പൊലീസിന്റെ തുടർ അന്വേഷണം. ഇൻസ്റ്റാംഗ്രാമിൽ റീലുകൾ ചെയ്തിരുന്ന യുവതി അങ്ങനെയാണ് തൃശൂർ സ്വദേശിയായ നർത്തകനുമായി പരിചയപ്പെട്ടത്. ഇയാളിൽ നിന്ന് ഗർഭിണിയായി എന്നും എന്നാൽ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയത്. ഇതിനാലാണ് ബലാത്സംഗത്തിന് കേസെടുക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചത്. വർഷങ്ങളായി ഫ്ലാറ്റിൽ താമസിക്കുന്ന യുവതിയും മതാപിതാക്കളെയും പുറത്തുകണ്ടിരുന്നെന്നും അസ്വോഭാവികമായി ഒന്നും തോന്നിയില്ലെന്നുമാണ് മറ്റ് താമസക്കാരും ഫ്ലാറ്റ് ജീവനക്കാരും പറയുന്നത്. ഫ്ലാറ്റിന്‍റെ മുകളിലുത്തെ നിലയിൽ നിന്നാണ് കുഞ്ഞിന്‍റെ ശരീരം റോഡിൽപ്പതിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തന്നെ പൊലീസിന് വ്യക്തമായിരുന്നു. കുഞ്ഞിനെപ്പൊതിഞ്ഞ ആമസോൺ കവറിന്‍റെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താണ് ഏതു ഫ്ലാറ്റാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസെത്തുമ്പോഴെക്കും ക്ഷീണിതയായിരുന്ന യുവതി മാനസികമായി തളർന്ന നിലയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് യുവതി ഡിസ്ചാര്‍ജ് ആയതിന് ശേഷമാകും വിശദമായ മൊഴിയെടുക്കുക. നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവം അതിദാരുണമാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പ്രതികരിച്ചു. കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മ തൊട്ടിൽ അടക്കം സർക്കാർ സംവിധാനങ്ങളുണ്ട്. കുട്ടികളെ വേണ്ടാത്തവർ ഇത്തരം ക്രൂരതകൾ ചെയ്യരുതെന്നും കെ വി മനോജ് കുമാർ പറഞ്ഞു.