അകലാട് ഖലീഫ ട്രസ്റ്റ് കുടിവെള്ള വിതരണം പുനരാരംഭിച്ചു
പുന്നയൂർക്കുളം:അകലാട് ഖലീഫ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം പുനരാരംഭിച്ചു.2013 ലാണ് അകലാട് ബദർപള്ളി കോവുമ്മൽ കടവ് ഭാഗത്തെ വീട്ടുകാർക്ക് അകലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലീഫ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചത്. പ്രദേശത്തുകാരുടെ ഏറെ നാളത്തെ കുടിവെള്ള പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്.ബദർ പള്ളിക്ക് എതിർവശം ട്രസ്റ്റ് രക്ഷാധികാരി ഷറഫുദ്ദീന്റെ വീട്ടു പറമ്പിൽ കുടിവെള്ള സ്രോതസ്സ് കണ്ടെത്തി ജലസംഭരണി വെച്ചായിരുന്നു കുടിവെള്ള വിതരണം നടത്തിയിരുന്നത്.എന്നാൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഹൈവേ അതോറിറ്റി ഏറ്റെടുത്തതിനെ തുടർന്ന് താൽക്കാലികമായി വിതരണം നിർത്തിവെക്കുകയായിരുന്നു. തുടർന്ന് പരേതനായ കോവുമ്മൽ ഹംസുവിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ മറ്റൊരു ജലസ്രോതസ്സ് കണ്ടെത്തി കുടിവെള്ള വിതരണത്തിന് അവസരം ഒരുക്കുകയും ചെയ്തു. മഴക്കാലത്തും വേനൽക്കാലത്തും കുടിവെള്ളം കിട്ടാക്കനിയായ കോവുമ്മൽ തറയിലെ ഇരുപതോളം വീടുകളിലേക്കാണ് വെള്ളം എത്തിക്കുന്നത്.ഇതിനായി ഒരു കിലോമീറ്റർ ദൂരം ഗ്രൗണ്ട് പൈപ്പ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. നവീകരണം നടത്തിയ കുടിവെള്ളം വിതരണോദ്ഘാടനം പരേതനായ ഹംസുവിന്റെ മകൻ എം എച്ച് ഹാഷിർ നിർവഹിച്ചു. ഖലീഫ ട്രസ്റ്റ് രക്ഷാധികാരി ടി കെ ഉസ്മാൻ പദ്ധതി വിശദീകരണം നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ സി.അഷറഫ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി പി.പി ഫൈസൽ, രക്ഷാധികാരികളായ ടിഎം നുറുദ്ധീൻ,എം.സി റഹീം,എം.വി ഹനീഫ,എം.പി അബ്ദു,മുൻ വാർഡ് അംഗം പി.വി ശിവാനന്ദൻ,ഹുസൈൻ എടയൂർ, കെ വി ത്വൽഹത്ത് തുടങ്ങി ട്രസ്റ്റ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മണിക്കൂർ വീതം കുടിവെള്ള വിതരണം ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി കുടിവെള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്