എങ്ങനെയിരിക്കുന്നു: തൃശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കും; മുരളീധരന്റെ വിമർശനത്തിന് പിന്നാലെ തുറന്നടിച്ച് പദ്മജ
തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരന്‍റെ സഹോദരിയും ബിജെപി നേതാവുമായി പത്മജ വേണുഗോപാൽ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽവീഴ്ചയുണ്ടായെന്ന തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരന്‍റെ വിമർശനത്തിന് പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പത്മജ രംഗത്തെത്തിയത്. തൃശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കുന്നവരാണെന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. ടിഎൻ പ്രതാപൻ, എംപി വിൻസന്‍റ് എന്നിവരുടെ പേര് പറഞ്ഞാണ് വിമർശനം. ”ഞാൻ പറഞ്ഞത് എങ്ങനെ ഇരിക്കുന്നു, കൂടെ നടന്ന് ചതിക്കുന്നവരാണ് തൃശൂരിലെ കോൺഗ്രസ് നേതാക്കളായ ടിഎൻ പ്രതാപൻ, എംപി വിൻസെന്റ് തുടങ്ങിയവർ. കാരണം ഇവർ സയാമീസ് ഇരട്ടകൾ ആണ്. ഇത്തരം ചതിയന്മാർക്കെതിരെ പാർട്ടിയിൽ പരാതി കൊടുത്താലോ? ആ പരാതി എന്തെന്ന് പോലും വായിക്കാതെ ചവറ്റ് കൊട്ടയിൽ എറിയും. രമേശ് ചെന്നിത്തലയുടെ നോമിനി ആയി ഡൽഹിയിൽ പോയ, രമേശ് ചെന്നിത്തലയെ ചതിച്ച് കേരള മുഖ്യമന്ത്രിയാകാൻ കരുക്കൾ നീക്കുന്ന കേരളത്തിൽ നിന്നുള്ള അഖിലേന്ത്യ കോൺഗ്രസ് ഗ്രൂപ്പ് നേതാവിന്‍റെ(എന്റെ അച്ഛൻ ഏറ്റവും കൂടുതൽ സ്നേഹിച്ചതും, എന്‍റെ അച്ഛനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചതും ആയ ആൾ) പിൻബലത്തിൽ ഇത്തരം ചതിയന്മാർക്ക് കൂടുതൽ സ്ഥാനങ്ങളും പാർട്ടിയിൽ ലഭിക്കും. അതാണ് കോൺഗ്രസ്”-പത്മജ ഫേസ്ബുക്കിൽ തുറന്നടിച്ചു.