വൈദ്യുതി ഉപഭോഗ നിയന്ത്രണം; മാര്‍ഗനിര്‍ദേശങ്ങളുമായി കെ എസ് ഇ ബി

വൈദ്യുതി ഉപഭോഗ നിയന്ത്രണം; മാര്‍ഗനിര്‍ദേശങ്ങളുമായി കെ എസ് ഇ ബി
തിരുവനന്തപുരം | സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കെ എസ് ഇ ബി. രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ടു വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി ഉപയോഗം പുനക്രമീകരിക്കണം.

രാത്രി ഒമ്പതിനു ശേഷം അലങ്കാര ദീപങ്ങള്‍, പരസ്യ ബോര്‍ഡുകളിലെ വിളക്കുകള്‍ എന്നിവ പ്രകാശിപ്പിക്കരുത്. ഈ സമയത്ത് അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാനും ശ്രദ്ധിക്കണം. ഗാര്‍ഹിക ഉപഭോക്താക്കള്‍ എയര്‍ കണ്ടീഷണറുകള്‍ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യണം. ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കണം. ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും പീക്ക് സമയത്ത് പ്രവര്‍ത്തിപ്പിക്കരുത്.

ഇത്തരത്തില്‍ ഉപഭോക്താക്കളുടെ സഹകരണത്തോടുകൂടി സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ട് പോകാനാകും.

ഫീല്‍ഡ് തലത്തില്‍ ക്രമീകരണങ്ങള്‍ നടത്താന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തിയ ശേഷം കെ എസ് ഇ ബി വീണ്ടും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനത്തില്‍ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമതയോടെ നടത്താനാണ് കെ എസ് ഇ ബി തീരുമാനം.

ഇന്നലത്തെ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡിട്ടു. മാക്‌സിമം ഡിമാന്റ് 5854 മെഗാവാട്ടായി. 114.1852 ദശലക്ഷം യൂണിറ്റ് ആണ് ഉപഭോഗം. ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ ബുദ്ധിമുട്ടൊഴിവാക്കി മുന്നോട്ടു പോകാമെന്ന് കെ എസ് ഇ ബി അധികൃതര്‍ പറഞ്ഞു.

ജനങ്ങള്‍ സഹകരിക്കണം: മന്ത്രി
ഇപ്പോഴത്തെ അവസ്ഥ അനിതര സാധാരണമായ ഒരു പ്രകൃതി ദുരന്തമായി കണ്ട് പ്രശ്‌ന പരിഹാരത്തിനായി പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അഭ്യര്‍ഥിച്ചു. പൊതുജനങ്ങള്‍ പരമാവധി ഉപഭോഗം കുറച്ചുകൊണ്ട് പ്രത്യേകിച്ചും രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ട് രെയുള്ള സമയത്ത് കെ സ് ഇ ബി യുമായി സഹകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സാങ്കേതിക കാരണത്താല്‍ വൈദ്യുതി മുടങ്ങുമ്പോള്‍ കെ എസ് ഇ ബി ഓഫീസുകളില്‍ ബഹളം ഉണ്ടാക്കുന്നതും ജീവനക്കാരരുടെ ജോലി തടസ്സപ്പെടുത്തുന്നതും വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനം താറുമാറാക്കുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

വൈദ്യുതി നിയന്ത്രണം തുടങ്ങി
സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെങ്കിലും വൈദ്യുതി നിയന്ത്രണം ആരംഭിച്ച് കെ എസ് ഇ ബി. പാലക്കാട് രാത്രി ഏഴു മുതല്‍ അര്‍ധരാത്രി ഒരുമണിവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം.
Previous Post Next Post