സഞ്ചരിക്കുന്ന ഡയാലിസിസ് യൂനിറ്റുമായി ആരോഗ്യ വകുപ്പ്

സഞ്ചരിക്കുന്ന ഡയാലിസിസ് യൂനിറ്റുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം | വിദൂര- ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂനിറ്റുകള്‍ ആരംഭിക്കാന്‍ ആരോഗ്യ വകുപ്പ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വെച്ച് ഡയാലിസിസ് നല്‍കുകയെന്നതാണ് മൊബൈല്‍ ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തന രീതി. തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂനിറ്റുകള്‍ സജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു.

ഹീമോ ഡയാലിസിസ് ചെലവേറിയതും ആശുപത്രിയില്‍ മാത്രം ചെയ്യാന്‍ കഴിയുന്നതുമായ പ്രക്രിയയാണ്. ഇതിന് പരിഹാരമായിട്ടാണ് താരതമ്യേന ചെലവു കുറഞ്ഞതും രോഗികള്‍ക്ക് സ്വന്തമായി വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്നതുമായ പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. പെരിറ്റോണിയല്‍ ഡയാലിസിസ് നിലവില്‍ എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായുള്ള മുഴുവന്‍ ചെലവും സര്‍ക്കാറാണ് വഹിക്കുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി എംപാനല്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസ് സൗജന്യമായി ചെയ്തുകൊടുക്കുന്നുണ്ട്. കാസ്പില്‍ അംഗത്വമില്ലാത്തവര്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് (കെ ബി എഫ്) മുഖാന്തിരവും എംപാനല്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് നല്‍കിവരുന്നുണ്ട്. ആരോഗ്യ കേരളം ‘പാലിയേറ്റീവ് കെയര്‍ പ്രൊജക്ട്’ പ്രകാരം വൃക്ക രോഗികള്‍ക്ക് വേണ്ട എറിത്രോപോയിറ്റിന്‍ കുത്തിവെപ്പ് സൗജന്യമായി നല്‍കുന്നുണ്ട്.

നിലവില്‍ മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ 36 ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 31 ഇടങ്ങളിലും 88 താലൂക്ക്തല ആശുപത്രികളില്‍ 57 ഇടങ്ങളിലുമായി ആയി ആകെ 88 സ്ഥാപനങ്ങളില്‍ ഡയാലിസിസ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ വിവിധ ജില്ലകളിലെ ചില സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ ഡയാലിസിസ് യൂനിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ആരോഗ്യ വകുപ്പ് ഡയറക്്ടറേറ്റിന് കീഴിലുള്ള ആശുപത്രികളിലായി ആകെ 100 ആരോഗ്യ കേന്ദ്രങ്ങളില്‍ ഡയാലിസിസ് യൂനിറ്റുകള്‍ നിലവിലുണ്ട്.
Previous Post Next Post