മുന്നണി മര്യാദയില്ലാതെ അഭിപ്രായ പ്രകടനം; കെകെ ശിവരാമനെതിരെ നടപടി, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി

മുന്നണി മര്യാദയില്ലാതെ അഭിപ്രായ പ്രകടനം; കെകെ ശിവരാമനെതിരെ നടപടി, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി



ഇടുക്കി: സിപിഐ നേതാവ് കെകെ ശിവരാമനെ എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനർ സ്ഥാനത്തു നിന്ന് നീക്കി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് നടപടി.



മുന്നണി മര്യാദകള്‍ ലംഘിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുവെന്ന വിമർശനം എല്‍ഡിഎഫില്‍ നിന്ന് തന്നെ ഉയർന്ന പശ്ചാത്തലത്തിലാണ് കെകെ ശിവരാമനെതിരെയുള്ള പാർട്ടി നീക്കം. പാർട്ടിക്ക് ജില്ലാ കണ്‍വീനർ സ്ഥാനം ഉള്ള മൂന്ന് ജില്ലകളിലും അതാത് ജില്ല സെക്രട്ടറിമാർ തന്നെ കണ്‍വീനർ ആയാല്‍ മതിയെന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നാണ് സിപിഐ വിശദീകരണം. ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുടെ ചുമതല.


അതിനിടെ, വിഷയത്തില്‍ പ്രതികരിച്ച്‌ കെകെ ശിവരാമൻ രംഗത്തെത്തി. കണ്‍വീനർ സ്‌ഥാനത്തു നിന്ന് മാറ്റിയത് പാർട്ടിയുടെ പൊതുവായ തീരുമാനമാണെന്ന് കെകെ ശിവരാമൻ പറഞ്ഞു. തന്നെ മാത്രമല്ല മാറ്റിയത്, സംസ്ഥാനത്തെ നാലു ജില്ലകളിലും മാറ്റം ഉണ്ട്. തനിക്കെതിരെ ആരും പരാതി നല്‍കിയതായി അറിയില്ല. മുതിർന്ന നേതാവായി പാർട്ടിയില്‍ തുടരും. ഫേസ് ബുക്ക് പോസ്റ്റുകള്‍ പാർട്ടിക്കൊ മുന്നണിക്കോ എതിരായിരുന്നില്ലെന്നും പോസ്റ്റുകള്‍ ഇനിയും തുടരുമെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.



Previous Post Next Post