കെ.എസ്.ആര്‍.ടി.സി വാങ്ങേണ്ടത് മിനിബസുകളല്ല; 'സൂപ്പര്‍ ബസുകള്‍'

കെ.എസ്.ആര്‍.ടി.സി വാങ്ങേണ്ടത് മിനിബസുകളല്ല; 'സൂപ്പര്‍ ബസുകള്‍'
അടുത്തിടയായി കെ.എസ്.ആർ.ടി.സി ബസുകള്‍ കൊലയാളി വണ്ടികളാകുന്നതിന് കാരണമെന്താണ്? സംശയം പെരുകിയതോടെ അപകട കാരണം പഠിക്കാന്‍ ഡിപ്പോതലത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിച്ചിട്ടുണ്ട്.


ആഭ്യന്തര അന്വേഷണ സംവിധാനമുണ്ടെങ്കിലും ആദ്യമായാണ് പുറമേനിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിക്കുന്നത്. ഡ്രൈവറുടെ പിഴവാണെങ്കില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടും. സാങ്കേതിക തകരാറാണ് അപകട കാരണമെങ്കില്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകും. തീരുമാനം ഇങ്ങനെയൊക്കെയാണെങ്കിലും മലപ്പുറം തലപ്പാറയില്‍ താഴ്ചയിലേക്ക് മറിഞ്ഞ ബസടക്കം പിന്നെയും നിരവധി കെ.എസ്.ആർ.ടി.സി ബസുകള്‍ അപകടമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇവയില്‍ മിക്കതും ദീർഘദൂര സർവിസുകളാണ്. ഇത്തരം അപകടങ്ങളുടെ യഥാർഥ കാരണം അന്വേഷിച്ചുപോയാല്‍ 1999ലെ GO(P) 4/99-SRO 118/99 dt. 1/2/1999 എന്ന ഉത്തരവിലെത്തും.

ഈ ഉത്തരവ് പ്രകാരമാണ് കേരളത്തിലെ ഫാസ്റ്റ് അടക്കമുള്ള സൂപ്പര്‍ ക്ലാസ് ബസുകളുടെ നിബന്ധനകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകള്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ബസുകളുപയോഗിച്ചും സൂപ്പര്‍ഫാസ്റ്റ് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതും എക്‌സ്പ്രസ് ബസുകള്‍ മുതല്‍ മുകളിലേക്ക് രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ബസുകളും ഉപയോഗിച്ചാണ് സര്‍വിസ് നടത്തേണ്ടത്. അതിവേഗത്തില്‍ കൂടുതല്‍ കിലോമീറ്റർ സർവിസ് നടത്തുന്നത് കൊണ്ട് കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും റോഡിലെ മറ്റു വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും സുരക്ഷ ഉറപ്പാക്കാനാണ് ഈ നിബന്ധന വച്ചത്. പക്ഷേ, കെ.എസ്.ആര്‍.ടി.സിയിലെ സാമ്ബത്തിക പ്രതിസന്ധി കാരണം പുതിയ സൂപ്പർക്ലാസ് ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാതായപ്പോള്‍ ബസുകളുടെ കാലപ്പഴക്ക നിയന്ത്രണത്തില്‍ ഇളവ് കൊടുത്തു. നിലവില്‍ 10 വര്‍ഷം പഴക്കമുള്ള ബസുകള്‍ അതിവേഗ സർവിസിനുപയോഗിക്കുന്നുണ്ട്. പുതിയ ബസുവാങ്ങാന്‍ പണമില്ലാത്തതിനാല്‍ സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലപ്പഴക്കം 12 വര്‍ഷമാക്കാൻ നടപടികളും തുടങ്ങിയിട്ടുണ്ട്.

1999ലെയും 2023ലെയും കേരളത്തിലെ റോഡുകളുടെ സ്ഥിതിയും വാഹനങ്ങളുടെ എണ്ണവും പരിശോധിക്കുമ്ബോഴാണ് പഴയ ബസുകള്‍ ഉപയോഗിച്ച്‌ അതിവേഗ യാത്ര നടത്തുന്നതിന്‍റെ അപകടം വ്യക്തമാകൂ. 1999ല്‍ 21,938 കിലോമീറ്റർ പി.ഡബ്ല്യു.ഡി റോഡാണ് ഉണ്ടായിരുന്നത്. 2023ല്‍ ഇത് 31,355 കിലോമീറ്ററായി. പലഭാഗങ്ങളും ദേശീയപാതയായതോടെ സംസ്ഥാന പാത 4128 കിലോമീറ്ററില്‍ ഒതുങ്ങി. 1999ല്‍ ആകെ വാഹനങ്ങള്‍ 17,08,938 ആയിരുന്നുവെങ്കില്‍ 2023ല്‍ 1,63,52,224 എണ്ണമായി. സ്വകാര്യ കാറുകള്‍ 2,28,824ല്‍ നിന്നും 34,62,157 ആയും ഓട്ടോകള്‍ 1,97,595ല്‍ നിന്നും 7,28,333 ആയും ഇരുചക്ര വാഹനങ്ങള്‍ 9,04,961ല്‍ നിന്നും 1,06,75,610 ആയും വർധിച്ചു. അതുകൊണ്ടുതന്നെ 1999ല്‍ നിശ്ചയിച്ച റണ്ണിങ് ടൈമില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് ഓടിയെത്താനാകില്ല.

ഇതിനൊപ്പമാണ് 10 വര്‍ഷംകൊണ്ട് ചുരുങ്ങിയത് 14 ലക്ഷം കിലോമീറ്റർ എങ്കിലും ഓടിയ പഴഞ്ചന്‍ ബസുകള്‍ എക്‌സ്പ്രസും സൂപ്പര്‍ ഫാസ്റ്റുമാക്കി അതിവേഗത്തില്‍ ഓടിക്കേണ്ടിവരുന്ന ഗതികേട്. ഒടുവിലത്തെ കണക്കുപ്രകാരം കെ.എസ്.ആര്‍.ടി.സി പ്രതിദിനം ശരാശരി 4100 ബസുകളുപയോഗിച്ച്‌ 13.5 ലക്ഷം കിലോമീറ്റർ സര്‍വിസ് നടത്തി 19 ലക്ഷം യാത്രക്കാരെ കയറ്റി ഇറക്കുന്നു. ഇതില്‍ കൂടിയ വേഗത്തില്‍ ഓടുന്ന ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകള്‍ 925 എണ്ണമാണ്. പ്രതിദിനം നാലു ലക്ഷം കിലോമീറ്റർ ഇവ ഓടുന്നു. പ്രതിദിന യാത്രക്കാര്‍ 3.7 ലക്ഷം. ഇതോടൊപ്പം 310 സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ പ്രതിദിനം 1.9 ലക്ഷം കിലോമീറ്റർ സര്‍വിസ് നടത്തി ഒരു ലക്ഷം യാത്രക്കാരെ കയറ്റി ഇറക്കുന്നു. ചുരുക്കത്തില്‍ കെ.എസ്.ആര്‍.ടി.സി പ്രതിദിനമോടിക്കുന്ന 13.5 ലക്ഷം കിലോമീറ്ററില്‍ 5.9 ലക്ഷം കിലോമീറ്ററും ഓടുന്നത് സൂപ്പര്‍ ക്ലാസ് സര്‍വിസുകളാണ്. ഇതില്‍ 600 എണ്ണം എങ്കിലും പുതിയ ബസുകള്‍ ആക്കിയില്ലെങ്കില്‍ പൊതുജനത്തിനു വൻഭീഷണിയായി കോർപറേഷൻ ബസുകള്‍ മാറിയേക്കും. സാഹചര്യം ഇതാണെങ്കിലും പുതുതായി 40 സീറ്റുകളുള്ള മിനിബസുകള്‍ വാങ്ങാനുള്ള നടപടികളുമായി കോർറേഷൻ മുന്നോട്ടുപോവുകയാണ്.

ഗ്രാമീണ മേഖലയില്‍ യാത്രാ സൗകര്യം വർധിപ്പിക്കാനാണ് മിനി ബസുകളിറക്കുന്നതെന്നാണ് കോർപറേഷൻ മേധാവികളുടെ ന്യായീകരണം. കെ.എസ്.ആര്‍.ടി.സിയേക്കാള്‍ കുറച്ചു മാത്രം പ്രവര്‍ത്തന ചിലവുള്ള സ്വകാര്യ ബസുകള്‍ മിനി ബസുകള്‍ ഓടിച്ചിട്ടുപോലും നഷ്ടത്തിലായ റൂട്ടുകളില്‍ എങ്ങനെ സർവിസുകള്‍ വിജയിപ്പിക്കുമെന്നതില്‍ വ്യക്തതയില്ല. യാത്രാക്ലേശമുള്ള ഗ്രാമീണ റൂട്ടുകളില്‍ എം.പി, എം.എല്‍.എ ഫണ്ടും തദ്ദേശ സ്വയംഭരണ ഫണ്ടും ഉപയോഗിച്ച്‌ ഡീസല്‍ ചിലവ് കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കി ബസോടിക്കുന്ന ഗ്രാമവണ്ടി പദ്ധതി നിലവിലുണ്ട്. 
Previous Post Next Post