റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി; സ്പീക്കര്‍ക്ക് കമ്മ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളെന്നും വിമര്‍ശനം

റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി; സ്പീക്കര്‍ക്ക് കമ്മ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളെന്നും വിമര്‍ശനം
തിരുവനന്തപുരം: സിപിഎം ജില്ലാകമ്മിറ്റിയില്‍ മന്ത്രി മുഹമ്മദ് റിയാസിനും സ്പീക്കർ എ.എൻ. ഷംസീറിനുമെതിരെ രൂക്ഷവിമർശനം.


നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ കടകംപള്ളി സുരേന്ദ്രനോടുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ശരിയായില്ലെന്നും റിയാസ് മുതിർന്ന നേതാക്കളോട് ബഹുമാനമില്ലാതെ സൂപ്പർ മുഖ്യമന്ത്രി കളിക്കുന്നുവെന്നും വിമർശനമുണ്ടായി. മന്ത്രി മുഹമ്മദ് റിയാസിനും സ്പീക്കർ എ.എൻ ഷംസീറിനും എതിരെയും കടുത്ത വിമർശനമാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉയർന്നത്.

സ്പീക്കർ എ.എൻ.ഷംസീറിനു തലസ്ഥാനത്ത് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും കമ്മിറ്റിയില്‍ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയും സ്പീക്കറും സാധാരണ പാർട്ടിക്കാർക്ക് അപ്രാപ്യരും വ്യവസായികള്‍ക്ക് പ്രാപ്യരുമായെന്നായിരുന്നു ആരോപണം. സ്പീക്കർക്ക് ബിജെപി ബന്ധമുള്ള വ്യവസായിയുമായിവരെ ബന്ധമുണ്ട്. ഇത് ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു.

മുഖ്യമന്ത്രി മകളുമായി ബന്ധപ്പെട്ട മാസപ്പടി ആക്ഷേപത്തില്‍ മൗനം പാലിച്ചത് ശരിയായില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കി. മക്കള്‍ക്കെതിരായ ആക്ഷേപങ്ങളില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചത്. അങ്ങനെ ചെയ്യാമായിരുന്നുവെന്നും ജില്ലാ കമ്മിറ്റിയില്‍ നേതാക്കള്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോട് വിശദീകരണം തേടി. തിരുവനന്തപുരത്തെ വ്യവസായിക്ക് മുഖ്യമന്ത്രിയുടെ അടുക്കളവരെ സ്വാധീനമുണ്ടെന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തില്‍ കരമന ഹരിയുടെ പരാമർശം. സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രതിനിധി എം. സ്വരാജ് കരമന ഹരിയുടെ പരാമർശം വ്യക്തമാക്കണമെന്ന് അറിയിച്ചു. വ്യവസായിയുടെ പേര് പറയാതായതോടെ വിശദീകരണം നല്‍കാൻ നിർദേശം നല്‍കുകയായിരുന്നു.
Previous Post Next Post