പാലുല്‍പാദനം സ്വയംപര്യാപ്തതയിലേക്ക്

 പാലുല്‍പാദനം സ്വയംപര്യാപ്തതയിലേക്ക്



തിരുവനന്തപുരം: പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിന് തദ്ദേശവകുപ്പുമായി കൈകോർത്ത് ക്ഷീരവികസന വകുപ്പ് കറവപ്പശുക്കളെ വാങ്ങുന്നു.



അത്യുല്‍പാദനശേഷിയുള്ള 10,000 പശുക്കളെയാണ് വാങ്ങുക. മികവ് പുലർത്തുന്ന 50 ഫോക്കസ് ബ്ലോക്കുകളിലെ ക്ഷീരവികസന യൂനിറ്റുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി.


ഫോക്കസ് ബ്ലോക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളെയാണ് ഇതിലേക്കായി തെരഞ്ഞെടുക്കുക. 'സ്വയംപര്യാപ്ത ക്ഷീരകേരളം' വർഷമായി 2024-25 നെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണിത്.


കേരളത്തിന് ആവശ്യമുള്ള പാലിന്‍റെ അളവിനെക്കാള്‍ 7.71 ലക്ഷം മെട്രിക് ടണ്‍ കുറവ് പാലാണ് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്. വേനല്‍ക്കാലമാകുമ്ബോള്‍ അളവില്‍ ഗണ്യമായ കുറവാണ് സംഭവിക്കുന്നത്. അതു മറികടക്കാനാണ് ക്ഷീരവികസന വകുപ്പിന്‍റെ ഹ്രസ്വകാലപദ്ധതിയില്‍ ഉരുക്കളെ വാങ്ങുന്ന പ്രോജക്‌ട് നടപ്പാക്കുന്നത്.


വകുപ്പിന്‍റെ 2024- 25 വാർഷിക പദ്ധതിയില്‍നിന്നാണ് തുക കണ്ടെത്തുന്നത്. ഗുണമേന്മയുള്ള 10,000 പശുക്കളെ എത്തിക്കുന്നതിന് പുറമെ ജഴ്സി, എച്ച്‌.എഫ് ഇനങ്ങളില്‍പ്പെട്ട 100 കന്നുകുട്ടികളെ വീതം ഫാമുകളില്‍ വളർത്തി ഒരുവർഷം പ്രായമാകുമ്ബോള്‍ കർഷകർക്ക് നല്‍കുന്നതും പദ്ധതിയിലുണ്ട്.



Previous Post Next Post