റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.
കുന്നംകുളം: റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവതി ഉൾപ്പെടെ 2 പ്രതികളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനി ഫിദ ഫാത്തിമ മലപ്പുറം സ്വദേശി അഹമ്മദ് അജ്നാസ് എന്നിവരെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. വേലൂർ സ്വദേശി റിഷ ഫാത്തിമയുടെ പരാതിയിലാണ് പ്രതികൾ പിടിയിലായത്.
റഷ്യയിലെ മോസ്കോയിലുള്ള സച്ചിൻ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ ഉമ്മയുടെ കയ്യിൽ നിന്ന് പലതവണകളായി 15 ലക്ഷത്തോളം രൂപ 2022-ൽ ഇരുവരും ചേർന്ന് കൈപ്പറ്റുകയും പിന്നീട് പണം നൽകാതെയും സീറ്റ് നൽകാതെയും വർഷങ്ങളായി കബളിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രതികൾക്കെതിരെ വേലൂർ സ്വദേശിനി എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയത്. അന്താരാഷ്ട്ര തലത്തിൽ പ്രതികൾ ഇത്തരത്തിൽ
6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായും സംഭവത്തിൽ കൂടുതൽ പരാതികൾ വരാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.




