ആറാട്ടുപുഴ തിരുവാതിര വിളക്ക് 19ന് വെളുപ്പിന്
ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര പുറപ്പാട് ചൊവ്വാഴ്ച വെളുപ്പിന് മൂന്നിന് നടക്കും. തന്ത്രിയുടെ അനുമതിയോടെ തിമില പാണി കൊട്ടി ശാസ്താവിന്റെ തിടമ്പ് കയ്യിൽ വെച്ച് ഒരു പ്രദക്ഷിണം കഴിഞ്ഞാൽ ചെമ്പട കൊട്ടി പുറത്തേക്ക് എഴുന്നെള്ളി പ്രദക്ഷിണം തുടങ്ങും. ക്ഷേത്രത്തിന്റെ വടക്കെ പ്രദക്ഷിണ വഴിയിൽ ചെമ്പട അവസാനിച്ചാൽ വിസ്തരിച്ച വിളക്കാചാരം. തുടർന്ന് വലം തലയിലെ ശ്രുതിയോടു കൂടി ഒന്നര പ്രദക്ഷിണം കഴിഞ്ഞ് കിഴക്കേ നടയിൽ തെക്കോട്ട് അഭിമുഖമായി നിന്ന് കുറുകൊട്ടി അവസാനിക്കുന്നു. വിസ്തരിച്ച കേളി, കുഴൽപ്പറ്റ്, കൊമ്പ് പറ്റ്. തുടർന്ന് ഏഴു മണി വരെ അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള പഞ്ചാരിമേളം. മേളം പടിഞ്ഞാറെ നടപ്പുരയിൽ അവസാനിച്ചാൽ ഇടക്കാ പ്രദക്ഷിണം. തുടർന്ന് 8 മണിയോട് കൂടി തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് ശാസ്താവ് എഴുന്നെള്ളും. ഉരുട്ടു ചെണ്ടയിൽ പെരുവനം കുട്ടൻമാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻ കുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും ശാസ്താവിന്റെ മേളങ്ങളിൽ പ്രമാണിമാരാകും. പുതുപ്പുള്ളി സാധു ശാസ്താവിന്റെ തിടമ്പേറ്റും.