ആരോഗ്യസർവകലാശാല പരീക്ഷ നോഡൽ ഓഫീസറായി നിയമിച്ചത് ആരോപണ വിധേയയെ; ഗവർണർക്ക് പരാതി
ആരോഗ്യസർവകലാശാലയുടെ പരീക്ഷ നോഡൽ ഓഫീസർ നിയമനത്തിനെതിരെ ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി. തൃശൂർ ഗവ.മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഇൻചാർജും പത്തോളജി വിഭാഗം അസി.പ്രഫസറുമായ ഡോ.നിഷ എം.ദാസിനെയാണ് രണ്ടാംവർഷ എം.ബി.ബി.എസ് പരീക്ഷയുടെ നോഡൽ ഓഫീസറായും വിഷയ വിദഗ്ദയുമായി നിയമിച്ചത്. ഡോ.നിഷ എം.ദാസ് വിജിലൻസ് അന്വേഷണം, ഡിപ്പാർട്ട്മെന്റ് അന്വേഷണം എന്നിവ നേരിടുന്നയാളാണെന്നും സാമ്പത്തീക കുറ്റകൃത്യം, വ്യാജരേഖ ചമയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസിലടക്കം ഇവർക്കെതിരെ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും ഹൈകോടതിയിൽ നിയമവ്യവഹാരത്തിലുള്ള ചിറമ്മനേങ്ങാട് സ്വദേശി ലിബിൻ കെ.മോഹനൻ ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന യോഗ്യതയുള്ള അനേകം ഡോക്ടർമാർ ഇതേ വിഭാഗത്തിൽ തന്നെ ഉണ്ടെന്നിരിക്കേ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയെത്തന്നെ രണ്ടാം വർഷ എം.ബി.ബി എസ് പരീക്ഷയുടെ നോഡൽ ഓഫീസറും വിഷയ വിദഗ്ധയും ആയി നിയമിച്ചത് അനുചിതവും നിയമ വ്യവസ്ഥയോടുള്ള അവഹേളനവും വെല്ലുവിളിയുമാണ്. അടിയന്തിരമായി ഇടപെട്ട് ഡോ.നിഷ എം.ദാസിനെ പരീക്ഷാ സംബന്ധിയായ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിറുത്തണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ പരീക്ഷ നടത്തുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.