അങ്കണവാടി നിയമനത്തിൽ ക്രമക്കേട്; കൗൺസിലിൽ ബഹളം
ഗുരുവായൂർ : നഗരസഭാ യോഗത്തിൽ ബഹളവും ഇറങ്ങിപ്പോക്കും. അങ്കണവാടി അധ്യാപിക നിയമനത്തിൽ ക്രമക്കേട് ഉണ്ടെന്നും അതേ പറ്റി ചർച്ച ചെയ്യണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം തള്ളിയതാണ് ബഹളത്തിനിടയാക്കിയത്.
വലിയ പരാതിക്ക് ഇടയാക്കിയിരിക്കുന്നതിനാൽ ഇക്കാര്യം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷത്തെ രേണുക ശങ്കറാണ് ആവശ്യപ്പെട്ടത്. എല്ലാ അജൻഡകളും അവസാനിച്ചശേഷമേ, വിഷയം ചർച്ച ചെയ്യാനാകൂവെന്ന് ചെയർമാൻ എം. കൃഷ്ണദാസ് അറിയിച്ചു. അതോടെ തർക്കമായി. ഗൗരവമുള്ള വിഷയത്തെ ചെയർമാൻ നിസ്സാരവത്‌കരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ കക്ഷി നേതാവ് കെ.പി. ഉദയൻ കുറ്റപ്പെടുത്തി. മാത്രമല്ല, അർഹരായ പലരേയും ഒഴിവാക്കി സി.പി.എമ്മുകാർക്കാണ് നിയമനം നൽകിയതെന്നും അവർ ആരോപിച്ചു. ബഹളത്തിനിടയിലും മറ്റ് അജൻഡകൾ വായിച്ച് ചെയർമാൻ കൗൺസിൽ തുടർന്നപ്പോൾ പ്രതിപക്ഷാംഗങ്ങൾ മുദ്രവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. തുടർന്ന് ഇറങ്ങിപ്പോക്ക് നടത്തി.