'ബെംഗളുരുവില്‍ സ്‌ഫോടനം നടത്തും'; കര്‍ണാടക മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇ മെയില്‍ വഴി ഭീഷണി സന്ദേശം
ബെംഗളൂരൂ | ബോംബ് സ്‌ഫോടനം നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രിക്കും ചില കാബിനറ്റ് മന്ത്രിമാര്‍ക്കും അജ്ഞാത സന്ദേശം. ഈമെയില്‍ വഴിയാണ് ഭീഷണിയെത്തിയത്. ശനിയാഴ്ച ബെംഗളൂരുവില്‍ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഇ മെയിലില്‍ പറയുന്നത്.മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബംഗളൂരു പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് ഇ മെയില്‍ ലഭിച്ചത്.
റസ്റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, ബസുകള്‍, ട്രെയിനുകള്‍ അല്ലെങ്കില്‍ തിരക്കേറിയ ഏതെങ്കിലും സ്ഥലത്തോ ആയിരിക്കും സ്ഫോടനം നടത്തുക.ഏതെങ്കിലും പൊതുപരിപാടികള്‍ക്കിടയിലും ബോംബ് സ്ഫോടനം നടന്നേക്കാമെന്നും ഇ മെയിലില്‍ പറയുന്നു. സ്ഫോടനത്തില്‍ നിന്ന് പിന്മാറാനായി 2.5 ദശലക്ഷം ഡോളര്‍ (20 കോടിയിലധികം രൂപ) മോചനദ്രവ്യമായും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.