കേരളത്തെ രണ്ടാക്കി ആർ.എസ്.എസ്; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
കേരളത്തെ രണ്ട് സംഘടനാ പ്രാന്തങ്ങളായി തരം തിരിച്ച് ആർ.എസ്.എസ്. സംഘ ശാഖകളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രവർത്തനം സുഗമമാക്കാനാണ് വിഭജനം നടത്തിയിരിക്കുന്നത്. ദക്ഷിണ കേരളം, ഉത്തര കേരളം എന്നിങ്ങനെയാണ് പുതിയ പ്രാന്തങ്ങൾ. നാഗ്പൂരിൽ നടക്കുന്ന അഖിലഭാരതീയ പ്രതിനിധി സഭയുടേതാണ് തീരുമാനം. പ്രാന്തങ്ങളുടെ ചുമതലക്കാരെയും അഖിലഭാരതീയ പ്രതിനിധി സഭയിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ആലുവ വരെയാണ് ആർ.എസ്.എസിന്റെ ദക്ഷിണ കേരളം. ആലുവ മുതൽ കാസർഗോഡ് വരെ ഉത്തര കേരളം. സമാന രീതിയിൽ ഉത്തര തമിഴ്നാടും ദക്ഷിണ തമിഴ്നാടും ഉത്തര കർണ്ണാടകയും ദക്ഷിണ കർണ്ണാടകയും നേരത്തെ ഉണ്ട്. ദക്ഷിണ കേരളത്തിന്റെ ഭാരവാഹികളായി പ്രാന്ത സംഘചാലക് -പ്രൊഫ. രമേശൻ, കാര്യവാഹ് -പ്രസാദ് ബാബു, സഹകാര്യവാഹ് – കെ.ബി ശ്രീകുമാർ, പ്രചാരക് – സുദർശൻ, സഹപ്രചാരക് – പ്രശാന്ത്. ഉത്തരകേരളത്തിന്റെ ഭാരവാഹികളായി പ്രാന്ത സംഘചാലക് ബലറാം, കാര്യവാഹ് – പി.എൻ ഈശ്വരൻ, സഹകാര്യവാഹ് – പി.പി സുരേഷ് ബാബു, പ്രചാരക് – വിനോദ്, സഹ പ്രചാരക് – അനീഷ്. രണ്ട് പ്രാന്തങ്ങളുടെയും ബൗദ്ധിക് പ്രമുഖ് – കെ.പി രാധാകൃഷ്ണനാണ്. മറ്റ് ചുമതല മാറ്റങ്ങൾ :അഖില ഭാരതീയ സഹ ശാരീരിക് പ്രമുഖ് – ഒ.കെ മോഹൻ, അഖില ഭാരതീയ സഹസേവാപ്രമുഖ് – സെന്തിൽ, ക്ഷേത്രീയ കാര്യവാഹ് – രാധാകൃഷ്ണൻ, ക്ഷേത്രീയ പ്രചാരക് – ഹരികൃഷ്ണൻ, ക്ഷേത്രീയ സേവാപ്രമുഖ് – രവികുമാർ, ക്ഷേത്രീയ സദസ്യൻ – രാജേന്ദ്രൻ എന്നിവരാണ്. പരിശീലന പരിപാടി അടക്കം അടിമുടി മാറുകയാണ് ആർ.എസ്.എസ്.