ടെക്‌സ്‌റ്റൈല്‍ ഷോറൂമുകളില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന; മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി
പത്തനംതിട്ട | സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍ ഷോറൂമുകളില്‍ തൊഴില്‍ വകുപ്പ് നടത്തിയ വ്യാപക മിന്നല്‍ പരിശോധനയില്‍ മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. സംസ്ഥാനത്തെ 82 ഷോറൂമുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്‌മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ് നിയമം എന്നീ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജോലിസ്ഥലത്ത് ഇരിക്കാനുള്ള അവകാശം, ബാലവേല എന്നിവയും പരിശോധനയുടെ ഭാഗമായിരുന്നു.
റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 3724 തൊഴിലാളികള്‍ ജോലി ചെയ്യുന്നതില്‍ 710 തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതായും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.