വന്യമൃഗ ആക്രമണം തുടര്‍ക്കഥ; ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകള്‍

വന്യമൃഗ ആക്രമണം തുടര്‍ക്കഥ; ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകള്‍

തൃശൂര്‍/കോഴിക്കോട് | സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ പൊലിയുന്നത് തുടര്‍ക്കഥയാകുന്നു. ഇന്ന് രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന, കാട്ടുപോത്ത് ആക്രമണങ്ങളിലായി സ്ത്രീയും കര്‍ഷകനുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.

അതിരപ്പിള്ളി വാച്ച്മരം കോളനിയിലാണ് കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചത്. ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62)യെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഇന്നലെ നേര്യമംഗലത്തും കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടിരുന്നു.

കോഴിക്കോട് കക്കയത്താണ് വീണ്ടും കാട്ടുപോത്ത് ആക്രമണമുണ്ടായത്. കൃഷിയിടത്തില്‍ നില്‍ക്കുകയായിരുന്ന പാലാട്ടി അബ്രഹാം (70) എന്നയാളെ കാട്ടുപോത്ത് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കക്ഷത്തില്‍ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കക്കയം ടൗണില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ കക്കയം ഡാം സൈറ്റ് റോഡിനു സമീപത്തെ കൃഷിയിടത്തില്‍ വച്ചായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. കക്കയത്ത് ഇതിനു മുമ്പും പല തവണ കാട്ടുപോത്ത് ആക്രമണമുണ്ടായിട്ടുണ്ട്. ഒരു മാസം മുമ്പ് വിനോദ സഞ്ചാരത്തിനെത്തിയ എറണാകുളം സ്വദേശികളായ രണ്ടുപേര്‍ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
Previous Post Next Post