തമിഴ്‌നാട്ടുകാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് കരന്ദലജെ; കേരളത്തിനെതിരെ നടത്തിയതില്‍ മൗനം
ബെംഗളൂരു | തമിഴ്‌നാട്ടുകാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് കേന്ദ്ര കാര്‍ഷിക-കുടുംബക്ഷേമ സഹമന്ത്രിയും ബാംഗ്ലൂര്‍ നോര്‍ത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ ശോഭ കരന്ദലജെ. തമിഴ്‌നാട്ടുകാരെ മൊത്തത്തില്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായും ശോഭ പറഞ്ഞു. എന്നാല്‍ കേരളത്തിനെതിരെ നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.
കേരളത്തിനും തമിഴ്നാടിനുമെതിരെ കടുത്ത ആരോപണങ്ങളാണ് ഇന്നലെ ശോഭ നടത്തിയത്. കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു, തമിഴ്നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്ഫോടനങ്ങള്‍ നടത്തുന്നു എന്നെല്ലാമായിരുന്നു പരാമര്‍ശങ്ങള്‍.
കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്കെതിരെയും ശോഭ കരന്ദലജെ ആക്ഷേപം ചൊരിഞ്ഞു. അവര്‍ നിയമസഭയില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണെന്നാണ് ശോഭ ആരോപിച്ചത്.