‘പദ്മഭൂഷൻ അവാർഡ് വേണ്ടേ എന്ന് ചോദിച്ചതാണ് ദേഷ്യമുണ്ടാക്കിയത്’: സുരേഷ് ഗോപിക്ക് വീട്ടിലേക്ക് വരാൻ ആരുടേയും അനുവാദം വേണ്ടെന്ന് കലാമണ്ഡലം ഗോപി; വീട്ടിലേക്ക് സ്വാഗതം ചെയ്ത് ഫേസ്ബുക്ക് കുറിപ്പ്

‘പദ്മഭൂഷൻ അവാർഡ് വേണ്ടേ എന്ന് ചോദിച്ചതാണ് ദേഷ്യമുണ്ടാക്കിയത്’: സുരേഷ് ഗോപിക്ക് വീട്ടിലേക്ക് വരാൻ ആരുടേയും അനുവാദം വേണ്ടെന്ന് കലാമണ്ഡലം ഗോപി; വീട്ടിലേക്ക് സ്വാഗതം ചെയ്ത് ഫേസ്ബുക്ക് കുറിപ്പ്

വിവാദങ്ങൾക്ക് പിന്നാലെ നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ പ്രതികരണം. സുരേഷ് ഗോപിക്ക് തന്‍റെ വീട്ടിലേക്ക് വരാനോ കാണാനോ ആരുടെയും അനുവാദം നോക്കേണ്ട എന്നാണ് കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. കലാമണ്ഡലം ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ‘സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എ‌പ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാം’– കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ രഘുവിന്‍റെ ആരോപണം നേരത്തെ വിവാദമായിരുന്നു. സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടർ നിർബന്ധിച്ചെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ രഘുഗുരുകൃപ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. പറ്റില്ലെന്ന് പറഞ്ഞപ്പോൾ ആശാന് പത്മ വിഭൂഷൺ വേണ്ടേ എന്ന് ചോദിച്ചതായും മകൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സുരേഷ്‌ഗോപിയുമായി വളരെ കാലത്തെ അടുപ്പമുണ്ടെന്നും എപ്പോൾ വേണമെങ്കിലും വരുമെന്നും കലാമണ്ഡലം ഗോപി പ്രതികരിച്ചു. ഡോക്ടർ വിളിച്ച് പദ്മഭൂഷൻ അവാർഡിന്റെ കാര്യം പറഞ്ഞത് കൊണ്ടാണ് ദേഷ്യം ഉണ്ടായതെന്നും അല്ലാതെ സുരേഷ്‌ഗോപിയോട് വിരോധങ്ങൾ ഒന്നുമില്ലെന്നും, മകനും അത് തന്നെയാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സുരേഷ്‌ഗോപി തന്നെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയത് പത്രത്തിൽ കണ്ടത് കൊണ്ടാണ് ഇത്തരം ഒരു കുറിപ്പ് ഇട്ടതെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post