കരുവന്നൂര്‍ ബാങ്ക് കേസ്: കൂടുതല്‍ സി.പി.എം നേതാക്കള്‍ക്കും ഉടൻ നോട്ടീസ് നല്‍കാൻ ഇ.ഡി

കരുവന്നൂര്‍ ബാങ്ക് കേസ്: കൂടുതല്‍ സി.പി.എം നേതാക്കള്‍ക്കും ഉടൻ നോട്ടീസ് നല്‍കാൻ ഇ.ഡി; 

കരുവന്നൂര്‍ ബാങ്ക് കേസില്‍ കൂടുതല്‍ സി.പി.എം നേതാക്കള്‍ക്ക് ഇ.ഡി ഉടൻ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനാണ് നാളെ ഹാജരാവാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാറിന്റെ പത്രികാ സമർപ്പണം ആണ് നാളെ. എം. എം വർഗീസ് കൂടി പത്രിക സമർപ്പണത്തിന് ഒപ്പം പോകേണ്ടതുണ്ട്. ഇക്കാര്യം ഇ.ഡിയെ അറിയിച്ച് അവധി ആവശ്യപ്പെടാനാണ് ആലോചന. അതോടൊപ്പം ഹാജരാവുന്നത് തിരഞ്ഞെടുപ്പ് കഴിയും വരേക്ക് മാറ്റി വെക്കാനുള്ള നിയമ നടപടികളും ആലോചിക്കുന്നുണ്ട്. എം.കെ കണ്ണൻ, എ.സി മൊയ്തീൻ എന്നീ നേതാക്കള്‍ക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് വിവരം. കേസില്‍ സഹകരണ രജിസ്ട്രാർമാർക്കും പങ്കുണ്ടെന്നാണ് ഇ.ഡി വാദം. പത്ത് വർഷത്തെ ഓഡിറ്റ് വിവരം മറച്ചുവച്ചത് രജിസ്ട്രാർമാരാണെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. ഈ കാലയളവിൽ ചുമതല വഹിച്ചവരെ പ്രതികളാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുവന്നൂര്‍ കേസില്‍ സജീവമാവുകയാണ് ഇഡി. നേരത്തേ തന്നെ കേസില്‍ ഇഡി അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന പരാതിയുണ്ട്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നതാണ്. അതെ സമയം ഇ.ഡി രാഷ്ട്രീയ ഉപകരണമാണെന്നും ഇതുവരെ ഉറങ്ങിക്കിടന്നിട്ട് ഇപ്പോള്‍ നടത്തുന്നത് ഡീലിന്‍റെ ഭാഗമാണെന്നും യു.ഡി.എഫ് സ്ഥാനാർഥി കെ മുരളീധരൻ പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് കേസ് തൃശൂരില്‍ തെരഞ്ഞെടുപ്പ് വിഷയായേക്കുമെന്ന സാഹചര്യത്തിലാണ് സി.പി.എമ്മിന് ആശ്വാസം പകരുന്ന രീതിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ തന്നെ ഇ.ഡിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത്. കരുവന്നൂരില്‍ കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്നും കെ മുരളീധരൻ ആവശ്യപ്പെടുന്നു. എന്നാൽ കരുവന്നൂർ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് തൃശൂർ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രതികരിച്ചു. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നതിൽ സംശയം വേണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇ.ഡി യുടേത് രാഷ്ട്രീയം വിട്ട് അഡ്മിനിസ്ട്രേഷൻ തലത്തിലുള്ള നടപടിയെന്നും സുരേഷ് ഗോപി പറഞ്ഞു
Previous Post Next Post