അബൂദബി ശക്തി അവാര്‍ഡ് 2024: സാഹിത്യ കൃതികള്‍ ക്ഷണിച്ചു
അബൂദബി | 2024 ലെ അബൂദബി ശക്തി അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിന് സാഹിത്യകൃതികള്‍ ക്ഷണിക്കുന്നു. 2021 ജനുവരി ഒന്ന് മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് 2024 ലെ അവാര്‍ഡുകള്‍ക്കായി പരിഗണിക്കുക. വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല.
കവിത, നോവല്‍, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, സംസ്‌കാരം, മനശ്ശാസ്ത്രം, നാടോടി വിജ്ഞാനീയം തുടങ്ങിയവ) എന്നീ സാഹിത്യ വിഭാഗത്തില്‍ പെടുന്ന കൃതികളാണ് അബൂദബി ശക്തി അവാര്‍ഡിനായി പരിഗണിക്കുക. സാഹിത്യ നിരൂപണ കൃതിക്ക് അബൂദബി ശക്തി തായാട്ട് അവാര്‍ഡും ഇതര സാഹിത്യ വിഭാഗത്തിന് (ആത്മകഥ, ജീവചരിത്രം, സ്മരണ, യാത്രാവിവരണം തുടങ്ങിയവ) ശക്തി എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡും നല്‍കുന്നു.
ഓരോ വിഭാഗത്തിനും 25,000 രൂപ വീതവും പ്രശസ്തി പത്രവും ശില്‍പവുമാണ് അവാര്‍ഡായി നല്‍കുന്നത്. 2019 മുതല്‍ 2023 വരെ (കഴിഞ്ഞ അഞ്ച് വര്‍ഷം) ഈ അവാര്‍ഡുകള്‍ ലഭിച്ചവരുടെ കൃതികള്‍ പരിഗണിക്കുന്നതല്ല. അവാര്‍ഡുകള്‍ക്കായി പരിഗണിക്കുന്നതിനുള്ള കൃതികളുടെ മൂന്ന് കോപ്പികള്‍ വീതം കണ്‍വീനര്‍, അബൂദബി ശക്തി അവാര്‍ഡ് കമ്മിറ്റി, ദേശാഭിമാനി, അരിസ്റ്റോ ജങ്ഷന്‍, തിരുവനന്തപുരം – 695001 എന്ന വിലാസത്തില്‍ മെയ് 20 നകം ലഭിക്കത്തക്കവിധം അയക്കണമെന്ന് അബൂദബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി കരുണാകരനും കണ്‍വീനര്‍ എ കെ മൂസ മാസ്റ്ററും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.