ഗസ്സയിൽ കനത്ത ആക്രമണം, 28 മരണം
ഗസ്സ | മധ്യഗസ്സയിൽ ക്രൂര ആക്രമണവുമായി ഇസ്‌റാഈൽ സേന. 24 മണിക്കൂറിനിടെ 28 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. 51 പേർക്ക് പരുക്കേറ്റു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 34,596 ആയി. 77,816 പേർക്ക് പരുക്കേറ്റു.
സെൻട്രൽ ഗസ്സയിലെ അൽ മുഗ്‌റഖ, ശൈഖ് ഇജ്‌ലിൻ ഭാഗങ്ങളിൽ കഴിഞ്ഞ രാത്രി മുതൽ ഇസ്‌റാഈൽ ബോംബാക്രമണം തുടരുകയാണ്. അതേസമയം, ഹമാസ് പോരാളികളുടെ ആക്രമണത്തിൽ ഇസ്‌റാഈൽ സൈനികർക്കും കാര്യമായ നാശനഷ്ടം ഉണ്ടായതായാണ് വിവരം. തുരങ്ക കവാടങ്ങളും മോർട്ടാർ ലോഞ്ചുകളും തകർത്തതായി റിപോർട്ടുണ്ട്. നുസ്വീറാത് അഭയാർഥി ക്യാമ്പിൽ ഇസ്‌റാഈൽ ഷെല്ലാക്രമണം നടത്തി. പത്ത് അഭയാർഥികൾക്ക് പരുക്കേറ്റു. ഇവരെ അൽ ഔദ, അൽ അഖ്‌സ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
റഫയിൽ ഇസ്‌റാഈൽ നിരീക്ഷണ ഡ്രോണുകൾ പറത്തുന്ന ശബ്ദം തുടർച്ചയായി കേൾക്കുന്നുണ്ട്. കരയാക്രമണത്തിന്റെ മുന്നോടിയാണോ ഇതെന്ന ആശങ്കയുണ്ട്. അതിനിടെ വെടിനിർത്തൽ -ബന്ദി മോചന കരാറിലെത്താൻ ഈജിപ്തിൽ മാധ്യസ്ഥ്യ ശ്രമങ്ങൾ തുടരുകയാണ്.
ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ല -ഇസ്‌റാഈൽ ഏറ്റുമുട്ടലും ശക്തമാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ദിവസം 15 ഫലസ്തീനികളെ സൈന്യം അറസ്റ്റ് ചെയ്തു. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. റാമല്ല, നബ്‌ലുസ്, ഹെബ്രോൺ, തുൽകറം, ജറൂസലം എന്നിവിടങ്ങളിൽ നിന്നാണ് ഫലസ്തീനികളെ അറസ്റ്റ് ചെയ്തത്. അതേസമയം, ബന്ദിമോചനം വൈകുന്നതിൽ പ്രതിഷേധിച്ച് ഇസ്‌റാഈലിൽ പ്രക്ഷോഭം ശക്തമാവുകയാണ്.