നവജാതശിശുവിന്റെ കൊലപാതകം: യുവതിയുടെ തൃശൂരിലെ ആൺ സുഹൃത്തിനെ കസ്റ്റഡിയിലാക്കി പോലീസ്
പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശൂർ സ്വദേശിയായ യുവാവിന്റെ മൊഴി പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തി. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നുവെന്നാണ് യുവാവ് നൽകിയ മൊഴി. ഇയാൾക്കെതിരെ യുവതി നിലവിൽ പരാതി നൽകിയിട്ടില്ല. ഇക്കാരണത്താൽ സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇയാളെ ഇന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കവറില്‍ പൊതിഞ്ഞ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരായ യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ കുഞ്ഞിന്‍റെ അമ്മ കുറ്റം സമ്മതിക്കുകയും ചെയ്തു. താന്‍ പീഡനത്തിനിരയായ കാര്യവും യുവതി പൊലീസിനോട് പറഞ്ഞു. തൃശൂര്‍ സ്വദേശിയായ യുവാവാണ് പീഡനത്തിന് ഇരയാക്കിയതെന്നും യുവതി മൊഴി നല്‍കി.പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.പിന്നീടാണ് ഇയാളെ ചോദ്യം ചെയ്തത്. യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സംഭവത്തിൽ ബലാത്സംഗത്തിനുകൂടി കേസെടുക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായതെന്നാണ് യുവതി പ്രാഥമികമായി നൽകിയ മൊഴി. ഇൻസ്റ്റാം ഗ്രാമിൽ റീലുകൾ ചെയ്തിരുന്ന യുവതി അങ്ങനെയാണ് തൃശൂർ സ്വദേശിയായ നർത്തകനുമായി പരിചയപ്പെട്ടത്. ഇയാളിൽ നിന്ന് ഗർഭിണിയായി എന്നും എന്നാൽ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നുമാണ് യുവതി മൊഴി നൽകിയത്. ഇതിനാലാണ് ബലാത്സംഗത്തിന് കേസെടുക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചത്. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.