അതിരപ്പിള്ളിയിൽ ജംഗിള്‍ സഫാരി യാത്രക്ക് തിരക്കേറുന്നു
അതിരപ്പിള്ളിയിൽ ജംഗിള്‍ സഫാരി യാത്രക്ക് തിരക്കേറുന്നു. അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനാണ് സഫാരിയാത്ര ഒരുക്കുന്നത്. കഴിഞ്ഞ ഒരു മാസത്തില്‍ 50ല്‍ പരം സഫാരികളാണ് സംഘടിപ്പിച്ചത്. ഇതിനകം 300ല്‍ പരം സഞ്ചാരികള്‍ സഫാരിയില്‍ പങ്കാളികളായി. വന്യമൃഗങ്ങളെ സുരക്ഷിതമായി തൊട്ടടുത്ത് നിന്ന് കാണാമെന്നതാണ് സഫാരിയുടെ ഒരു പ്രത്യേകത. കാട്ടാന, കരടി, കടുവ, പുലി, മ്ലാവ്, വിവിധയിനത്തിലുള്ള പാമ്പുകള്‍ തുടങ്ങിയവയെ നേരിട്ട് കാണാനാകും. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മൂന്ന് ചാട്ടങ്ങളാണ് സാധാരണ സഞ്ചാരികള്‍ക്ക് കാണാനാകുന്നത്. എന്നാല്‍ സഫാരി യാത്രയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മറുഭാഗമായ എറണാകുളം ജില്ലയുടെ ഭാഗത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളും കണ്‍കുളിരെ കണ്ടാസ്വദിക്കാം. ചാലക്കുടിപുഴയുടെ ഇടതുഭാഗത്ത് കൂടി തുറന്ന ജീപ്പിലാണ് സഫാരി. വെള്ളച്ചാട്ടത്തിന് സമീപം ഇറങ്ങാനും വെള്ളച്ചാട്ടം ആസ്വദിക്കാനും അവസരമുണ്ട്. ആനക്കല്ല് വരെ പോയി ലഘുഭക്ഷണത്തിന് ശേഷം തിരികെ പോരുന്ന തരത്തിലാണ് സഫാരി സജ്ജീകരിച്ചിട്ടുള്ളത്. പരിശീലനം ലഭിച്ച സ്റ്റാഫുകളേയും ഈ പ്രദേശം സുപരിചിതമായ ആദിവാസികളേയും സഫാരി ടീമിലുള്‍പ്പെടുത്തി സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. കാട്ടിലൂടെയുള്ള സഫാരി മറ്റ് പലയിടത്തുമുണ്ടെങ്കിലും മൃഗങ്ങളെ അടുത്ത് കാണാനുള്ള അവസരം അതിരപ്പിള്ളിയില്‍ മാത്രമാണുള്ളത്. ആറ് പേര്‍ക്ക് സഞ്ചരിക്കാനാകുന്ന തുറന്ന ജീപ്പിലുള്ള സഫാരി യാത്രക്ക് 10000 രൂപയാണ് ഫീസ്. 2500രൂപ നിരക്കില്‍ 4പേരുണ്ടെങ്കിലും സഫാരി ചെയ്യാം. സഫാരിക്ക് പുറമെ ട്രക്കിങും ഒരുക്കുന്നുണ്ട്. ഒരു ദിവസം ഒരു ട്രക്കിങ് മാത്രമാണുണ്ടാവുക. ട്രക്കിങ് ടീമില്‍ ചുരിങ്ങിയത് 8 പേരെങ്കിലുമുണ്ടാകണം. പരമാവധി 12 പേര്‍ക്ക് ട്രക്കിങ് നടത്താം. അഞ്ച് കിലോമീറ്റര്‍ വനത്തിനുള്ളിലേക്കാണ് ട്രക്കിങ്. ഭക്ഷണമടക്കം 1500രൂപയാണ് ഫീസ്. കൂടുതല്‍ വിവിരങ്ങള്‍ക്ക് 8547601991 എന്ന നമ്പറില്‍ ബന്ധപ്പെടണം.