കരുവന്നൂർ ബാങ്ക്: തട്ടിപ്പ് കണ്ടെത്തിക്കഴിഞ്ഞും വൻ ക്രമക്കേട്എം.ബി. ബാബു

കരുവന്നൂർ ബാങ്ക്: തട്ടിപ്പ് കണ്ടെത്തിക്കഴിഞ്ഞും വൻ ക്രമക്കേട്
എം.ബി. ബാബു

തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നെന്ന് സഹകരണവകുപ്പ് കണ്ടെത്തിക്കഴിഞ്ഞും വൻതോതിലുള്ള ക്രമക്കേട് നടന്നു. 2018-ൽ തട്ടിപ്പ് കണ്ടെത്തി നടപടിക്ക് നിർദേശിച്ചശേഷവും 2022 വരെ കോടികളുടെ ക്രമക്കേട് നടന്നെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തൽ. ഏറ്റവും അവസാനമായി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2018 മുതൽ 2021 വരെ വാർഷിക റിട്ടേണുകൾ സമർപ്പിക്കാതെ ക്രമക്കേട് നടത്തി. ഇൻപുട്ട് ടാക്സ് ക്ലെയിം ചെയ്യാതെ 89.97 ലക്ഷമാണ് തിരിമറി. 2025-ൽ കാലാവധിയെത്തുന്ന 25 ചിട്ടികൾ നറുക്കോ ലേലമോ ഇല്ലാതെ പണം 2020 ജൂലായിൽ നൽകി.

കുടിശ്ശികനിവാരണപദ്ധതിയിൽ വായ്പകൾക്ക് പലിശ ആനുകൂല്യം നൽകിയെങ്കിലും വായ്പക്കണക്ക് അവസാനിപ്പിച്ചില്ല. 2017-ൽ 15 ശതമാനമായിരുന്ന വായ്പക്കുടിശിക 2022-ൽ 71.55 ശതമാനമായി. നിക്ഷേപത്തിലും വായ്പയിലും ലാഭത്തിലും ഏറെ പിന്നാക്കം പോയെങ്കിലും ബാങ്കിന്റെ ക്ലാസിഫിക്കേഷൻ മാറ്റാതെ ജീവനക്കാർ കൂടുതൽ ആനുകൂല്യങ്ങളും ശമ്പളവും വാങ്ങി.

പത്ത്‌ വായ്പകൾക്ക് സഹകരണവകുപ്പിന്റെയോ ഭരണസമിതിയുടെയോ അനുമതിയില്ലാതെ 32.78 കോടി ഫോർഫീറ്റഡ് ഇന്ററസ്റ്റ് എന്നയിനത്തിൽ മാറ്റി. 2021 മാർച്ച് 26-ന് 32 ലക്ഷം പലിശയിളവ് ചെയ്ത വായ്പകൾക്ക് പലിശയിളവ് നൽകാൻ തീരുമാനിച്ച രേഖയുള്ളത് 2021 ഏപ്രിൽ എട്ടിനാണ്. ഭരണസമിതിയുടെ തീരുമാനമില്ലാതെ 25 ലക്ഷത്തിനു മുകളിലുള്ള 10 വായ്പകൾ 2021 മാർച്ച് 26-ന് മറ്റൊരു ബാങ്കിലേക്ക് മാറ്റി.

സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ശമ്പളം മുടങ്ങിയെങ്കിലും ക്ലാസിഫിക്കേഷൻ മാറ്റാത്തതിനാൽ ശമ്പളക്കുടിശ്ശികയിനത്തിൽ ഇനിയും 1.15 കോടി നൽകാനുണ്ട്. 2018-നെ അപേക്ഷിച്ച് 2022-ൽ എ ക്ളാസിൽനിന്ന് സി ക്ലാസിലേക്കാണ് ക്ലാസിഫിക്കേഷൻ കൂപ്പുകുത്തിയത്. 2018-ൽ ബാങ്കിലെ കോടികളുടെ തട്ടിപ്പ് കണ്ടെത്തി തുടരന്വേഷണത്തിനും നടപടിക്കും സഹകരണവകുപ്പ് നിർദേശിച്ചതാണ്. അത് ഇഴഞ്ഞുനീങ്ങി.

കോടികളുടെ തട്ടിപ്പ് നടക്കുന്നുണ്ടെന്നു കാണിച്ച് 2018-ൽ ഭരണസമിതിയംഗങ്ങൾ സി.പി.എം. ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയതുമാണ്. ഇതുപ്രകാരം അന്വേഷണത്തിന് രണ്ടംഗ കമ്മിഷനെ 2019 ഡിസംബർ 24-ന് നിയമിച്ചെങ്കിലും റിപ്പോർട്ട് നൽകിയത് 2021 മേയ്‌മാസത്തിലാണ്. അതുവരെ ക്രമക്കേട് തുടർന്നുകൊണ്ടേയിരുന്നു.
Previous Post Next Post