ഓൺലൈൻ ആപ്പ് വഴി25 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
തൃശ്ശൂർ : ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപയുടെ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. തട്ടിപ്പിന്റെ സൂത്രധാരൻകൂടിയായ മലപ്പുറം കാളികാവ് അമ്പലക്കടവ് സ്വദേശി പാലയ്ക്കത്തൊടി വീട്ടിൽ മുഹമ്മദ് ഫൈസലി(43)നെയാണ് തൃശ്ശൂർ സിറ്റി ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ എ.എം. യാസിൻ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പെന്ന് പോലീസ് പറയുന്നു.
മൈ ക്ലബ്ബ് ട്രേഡ്സ് (എം.സി.ടി.) എന്ന ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് 256 ദിവസംകൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആളുകളിൽനിന്ന് പണമായി നേരിട്ട് വാങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പണം നിക്ഷേപിക്കുമ്പോൾ മൊബൈൽഫോണിൽ അതിനു തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്.
എം.സി.ടി. ആപ്ലിക്കേഷൻ വഴി ലഭിച്ച ഡോളർ എമർ കോയിനിലേക്ക് മാറ്റാൻ ഒത്തു കൂടിയ എറണാകുളത്തെ ഫ്ലാറ്റിൽനിന്നാണ് പ്രതിയെ പിടികൂടിയത്. പോലീസെത്തിയതറിഞ്ഞ് ഫ്ലാറ്റിലുണ്ടായിരുന്ന പ്രതി മുഹമ്മദ് ഫൈസൽ ഗുണ്ടകളെക്കൊണ്ട് ഫോണിൽ വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു.