കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴ സാധ്യത മുന്‍നിര്‍ത്തി മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്.

ചുരുങ്ങിയ സമയപരിധിയില്‍ കൂടുതല്‍ മഴ പെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തി മലയോര മേഖലകളില്‍ ഉള്‍പ്പെടെ ജാഗ്രതക്ക് നിര്‍ദേശമുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് സമീപത്തും ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായും ചക്രവാത ചുഴികളുടെ സാന്നിധ്യമുണ്ട്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം ഇടി, മിന്നല്‍, കാറ്റ് എന്നിവയോടു കൂടിയ, മിതമായതോ ഇടത്തരം തീവ്രതയുള്ളതോ ആയ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിക്കുന്നു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.1 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തിരമാലകളുടെ വേഗത സെക്കന്‍ഡില്‍ 40 സെന്റീമീറ്ററിനും 65 സെന്റീമീറ്ററിനും ഇടയില്‍ മാറിവരാന്‍ സാധ്യതയുണ്ട്.
Previous Post Next Post