ജിയോ സൗജന്യ 5ജി ഡാറ്റ പോയാല്‍ പോട്ടെ; 150 Mbps വേഗതയില്‍ BSNL നല്ലൊന്നാന്തരം ഇന്റര്‍നെറ്റ് നല്‍കുന്നു
ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്ബനികള്‍ മൊബൈല്‍ താരിഫ് വർധന പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് ടെലിക്കോം വരിക്കാർ.
മൊബൈല്‍ നിരക്ക് വർധനവിനോടൊപ്പം ജിയോ വരിക്കാരെ വിഷമിപ്പിക്കുന്ന മറ്റൊന്നുകൂടിയുണ്ട്. ഇപ്പോള്‍ 239 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ജൂലൈ 3 മുതല്‍ നടപ്പിലാകുന്ന നിരക്ക് വർധനയ്ക്ക് ശേഷം 2ജിബി പ്രതിദിന ഡാറ്റയ്ക്ക് മുകളിലുള്ള പ്ലാനുകള്‍ക്കൊപ്പം മാത്രമേ ലഭിക്കൂ എന്നതാണ് അത്. ഇപ്പോള്‍ ഈ ഓഫർ വഴി ധാരാളമായി ഡാറ്റ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർക്ക് ഇത് വൻ തിരിച്ചടിയാകും. പ്രതിദിന ഡാറ്റയുടെ അളവ് കൂടുന്നതിന് അനുസരിച്ച് റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയരും.
ദിവസവും 2ജിബി ഡാറ്റ ലഭ്യമാകുന്ന പ്ലാൻ തെരഞ്ഞെടുക്കണമെങ്കില്‍ നല്ലൊരു തുക നല്‍കേണ്ടിവരും. എന്നാല്‍ വീട്ടില്‍ നല്ലൊരു ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ടെങ്കില്‍ എല്ലാവർക്കും അവർ വീട്ടിലുള്ള സമയങ്ങളില്‍ വീട്ടിലെ വൈഫൈ വഴി ഡാറ്റ ഉപയോഗിക്കാനും അതുവഴി കുറഞ്ഞ നിരക്കില്‍ വീട്ടിലെ എല്ലാവരുടെയും ഡാറ്റ ആവശ്യങ്ങള്‍ നിറവേറ്റാനും സാധിക്കും.
പുറത്തുപോകുന്ന സമയത്തെ ഉപയോഗത്തിനായി കുറഞ്ഞ അളവില്‍ പ്രതിദിന ഡാറ്റയുള്ള പ്ലാൻ തെരഞ്ഞെടുത്താല്‍ മതിയാകും. പലർക്കും ഓഫീസുകളിലും മറ്റും വൈഫൈ ലഭ്യമായതിനാല്‍ വീട്ടിലും ഓഫീസിലും ഇല്ലാത്ത കുറച്ച് സമയത്തേക്ക് മാത്രമേ ഡാറ്റ ആവശ്യമായി വരൂ. അതിന് നിസാര തുകയുടെ ഏതെങ്കിലും റീച്ചാർജ് പ്ലാൻ തെരഞ്ഞെടുത്താല്‍ മതിയാകും. അത്യാവശ്യം വന്നാല്‍ ഡാറ്റ ബൂസ്റ്റർ പ്ലാനും ഉപയോഗിക്കാം.
വീട്ടില്‍ ഒരു ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ടെങ്കില്‍ കുടുംബാംഗങ്ങളുടെ ഇന്റർനെറ്റ് ആവശ്യങ്ങള്‍ കുറഞ്ഞ ചെലവില്‍ നടന്നുപോകും. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്ബനിയായ ബിഎസ്‌എൻഎല്‍ (BSNL) കുറഞ്ഞ നിരക്കില്‍ മികച്ച ആനുകൂല്യങ്ങള്‍ അടങ്ങുന്ന പ്ലാനുകള്‍ അവതരിപ്പിക്കുന്നതില്‍ വളരെ മുൻപന്തിയിലാണ്. മൊബൈല്‍ ഇന്റർനെറ്റ് പോലെയല്ല, ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉയർന്ന വേഗതയില്‍ തന്നെ ലഭ്യമാകും.
ഇന്ന് രാജ്യത്തെ പ്രധാന ബ്രോഡ്ബാൻഡ് സേവന ദാതാക്കളില്‍ ഒന്നാണ് ബിഎസ്‌എൻഎല്‍. മികച്ച സേവനങ്ങള്‍ നല്‍കി നിരവധി ഉപയോക്താക്കളുടെ പ്രീതി പിടിച്ചുപറ്റാൻ ബിഎസ്‌എൻഎല്ലിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച 150 Mbps ബ്രോഡ്ബാൻഡ് പ്ലാനുകളിലൊന്ന് ബിഎസ്‌എൻഎല്ലിന്റേത് ആണ്. 150 Mbps എന്നത് വളരെ മികച്ച വേഗത തന്നെയാണ്.
150 Mbps ബ്രോഡ്‌ബാൻഡ് പ്ലാനുകള്‍ ബിഎസ്‌എൻഎല്ലിന് ഒന്നിലധികം ഉണ്ട്. എന്നാല്‍ അതില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തുന്ന പ്ലാൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 799 രൂപയാണ് ഈ എൻട്രി ലെവല്‍ 150 Mbps ബ്രോഡ്‌ബാൻഡ് പ്ലാനിന്റെ നിരക്ക്. അതില്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ പരിചയപ്പെടാം.
799 രൂപയുടെ ബിഎസ്‌എൻഎല്‍ ബ്രോഡ്‌ബാൻഡ് പ്ലാൻ: 150 എംബിപിഎസ് വേഗതയില്‍ 4000GB (4TB) ഡാറ്റ ഈ പ്ലാനില്‍ ലഭിക്കും. 4TB ഡാറ്റയ്ക്ക് ശേഷം വേഗത 10 Mbps ആയി കുറയും. ഉപയോക്താക്കള്‍ക്ക് സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ഈ പ്ലാനിനൊപ്പം ലഭിക്കും.
കൂടുതല്‍ ഡാറ്റ വേണമെങ്കില്‍, 849 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. ഈ പ്ലാനില്‍ 150 എംബിപിഎസ് വേഗതയില്‍ 5TB വരെ പ്രതിമാസ ഡാറ്റ ലഭിക്കും. മറ്റേതെങ്കിലും ടെലിക്കോം കമ്ബനികളുടെ ഇതേ വേഗതയുള്ള പ്ലാൻ തെരഞ്ഞെടുക്കണമെങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും, എന്നാല്‍ ഇത്രയും ഡാറ്റ ലഭിക്കുകയുമില്ല. അതിനാല്‍ ഈ സ്പീഡില്‍ ബ്രോഡ്ബാൻഡ് കണക്ഷൻ ആഗ്രഹിക്കുന്നവർക്ക് ബിഎസ്‌എൻഎല്‍ മികച്ച ഓപ്ഷനാണ്.
ബിഎസ്‌എൻഎല്‍ ഭാരത് ഫൈബർ സൗജന്യമായി ഫൈബർ ഇൻസ്റ്റാളേഷനും കോപ്പർ ബ്രോഡ്ബാൻഡ് കണക്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ഭാരത് ഫൈബർ വെബ്സൈറ്റ് വഴിയോ അടുത്തുള്ള ബിഎസ്‌എൻഎല്‍ ഓഫീസ് വഴിയോ ബിഎസ്‌എൻഎല്‍ ബ്രോഡ്ബാൻഡ് കണക്ഷൻ ബുക്ക് ചെയ്യാം. ഡാറ്റ ആവശ്യങ്ങള്‍ കൂടിവരുന്ന ഇക്കാലത്ത് മൊബൈല്‍ ഡാറ്റയെ മാത്രം ആശ്രയിക്കാതെ വീട്ടിലെ എല്ലാവർക്കുമായി ഒരു ബ്രോഡ്ബാൻഡ് കണക്ഷൻ തെരഞ്ഞെടുക്കുന്നത് മികച്ച നീക്കമാണ്.