118 പേരുടെ ജോലി ചെയ്യാൻ 44 ഉദ്യോഗസ്ഥര്‍; പോലീസ് സേനയിലെ ആത്മഹത്യ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; എട്ട് മണിക്കൂര്‍ ജോലി ഉടൻ നടപ്പാകില്ല
തിരുവന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയില്‍ ഉണ്ടാകുന്ന ആത്മഹത്യ കണക്കുകള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.
അഞ്ച് വർഷത്തിനിടയില്‍ സംസ്ഥാനത്ത് 88 പോലീസുകാർ ആത്മഹത്യ ചെയ്‌തെന്നും, ശരാശരി 44 ഉദ്യോഗസ്ഥരെ വച്ചാണ് 118 പോലീസുകാരുടെ ജോലി ഒരു സ്റ്റേഷനില്‍ ചെയ്യുന്നതെന്നും പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.
ആത്മഹത്യചെയ്ത പോലീസ് ഉദ്യോഗസ്ഥൻ ജോബിദാസിന്റെ ആത്മഹത്യാക്കുറിപ്പും എംഎല്‍എ നിയമസഭയില്‍ വായിച്ചു. 'നന്നായി പഠിക്കണം, പോലീസിലല്ലാതെ ജോലി വാങ്ങണം' എന്ന് മക്കളോട് പറയുന്ന കുറിപ്പാണ് വായിച്ചത്.
അതേസമയം, പോലീസ് സേനയില്‍ എട്ടുമണിക്കൂർ ജോലി എന്നത് പെട്ടെന്ന് നടപ്പിലാക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി. എന്നാല്‍, ഇത് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനമാണ് സർക്കാർ നടത്തിവരുന്നതെന്നും തിരക്കുള്ള 52 സ്റ്റേഷനുകളില്‍ നടപ്പിലാക്കിയതായും കൂടുതല്‍ സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാനസിക സമ്മർദം ലഘൂകരിക്കുന്നതിന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.