കര്‍ഷകര്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന്റെ മാതാവ് അറസ്റ്റില്‍
മുംബൈ|കര്‍ഷകര്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന്റെ മാതാവ് അറസ്റ്റില്‍. മനോരമ ഖേഡ്കറിനെയാണ് പുനെ പോലീസ് അറസ്റ്റ് ചെയ്തത്. സര്‍വീസില്‍ പ്രവേശിക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു എന്ന ആരോപണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ ഖേഡ്കര്‍.
2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവര്‍ സര്‍വീസില്‍ പ്രവേശിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ചുവെന്നതാണ് പ്രധാനപ്പെട്ട ആരോപണം. റായ്ഗഡിലെ ഹോട്ടലില്‍ നിന്നാണ് മനോരമ ഖേഡ്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പൂജ ഖേഡ്കറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് മാതാവ് കര്‍ഷകര്‍ക്ക് നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്ന പഴയ ദൃശ്യങ്ങള്‍ പുറത്തുവന്നത്. പിന്നാല ഒളിവില്‍ പോയ പൂജയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു പോലീസ്. അതിനിടെയാണ് ഹോട്ടലില്‍ നിന്ന് പിടികൂടിയത്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തില്‍ പൂജയുടെ പിതാവ് ദിലീപ് ഖേഡ്കറിനെതിരെയും പോലീസ് അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ, വീഡിയോ പുറത്തുവന്നതിന് പിന്നാലെ കര്‍ഷകരുടെ പരാതിയില്‍ മനോരമ ഖേഡ്കറിനെതിരെ പോലീസ് കേസെടുത്തിരുന്നു.
നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് പൂജ ഓടിച്ച ആഡംബര കാര്‍ പുനെ പോലീസ് പിടികൂടിയതാണ് അന്വേഷണത്തിന്റെ തുടക്കം. സ്വകാര്യ കാറിലെ യാത്ര, അഡീഷണല്‍ കലക്ടറുടെ ചേമ്പര്‍ കയ്യേറിയതും വിവാദമായതോടെ പൂജയെ വാഷിം ജില്ലയിലക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നാലെ പൂജക്കെതിരെ തുടര്‍ച്ചയായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് പൂജ യുപിഎസ്സി പരീക്ഷയെഴുതിയത്. ഐഎഎസ് സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.