ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നു
കോന്നി: സർക്കാർ നിർദേശ പ്രകാരം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ജി.എസ്.ടി.സംവിധാനം വരുന്നതോടെ ടിക്കറ്റ് ഉള്‍പ്പടെ എല്ലാ ഇടപാടുകള്‍ക്കും ഇരട്ടി വർധനവ്.
ജി.എസ്.ടി. സംവിധാനം വന്നതോടെ വ്യാഴാഴ്ച മുതല്‍ തന്നെ അടവിയില്‍ ടിക്കറ്റ് നിരക്ക് അഞ്ഞൂറില്‍ നിന്ന് അറുനൂറായി മാറി. കോന്നി ഇക്കോ ടൂറിസത്തില്‍ ചൊവ്വാഴ്ച മുതല്‍ ടിക്കറ്റ് നിരക്ക് വർധിക്കും. ഇക്കോടൂറിസം കേന്ദ്രത്തിലെ ജി.എസ്.ടി സംവിധാനം സഞ്ചാരികളെയും ഉദ്യോഗസ്ഥരെയും വലയ്ക്കുന്നു.
കേരളത്തിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ജി.എസ്.ടി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോന്നിയിലും നടപടിയുണ്ടായത്. വനവികാസ് ഏജൻസിയുടെ കീഴില്‍ ആണ് അടവി ഇക്കോ ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത്. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ 18 ശതമാനം ശതമാനം ജി.എസ്.ടി വർധിപ്പിക്കാൻ ആണ് തീരുമാനം. കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ കുട്ടവഞ്ചി സവാരിക്ക് ഹ്രസ്വ ദൂര സവാരിക്ക് 500 രൂപ ആയിരുന്നത് 600 രൂപയാക്കി ഉയർത്തി.
പരമാവധി നാലു മുതിർന്നവർക്കും അഞ്ചുവയസില്‍ താഴെയുള്ള ഒരു കുട്ടിക്കും കുട്ടവഞ്ചിയില്‍ ഈ നിരക്കില്‍ സവാരി നടത്താം. മുമ്ബ് ഉണ്ടായിരുന്ന ടിക്കറ്റിന്റെ മറുപുറത്ത് സഞ്ചാരികള്‍ക്ക് പാലിക്കേണ്ട നിബന്ധനകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ ടിക്കറ്റില്‍ അത് രേഖപെടുത്തിയിട്ടില്ല. അടുത്തിടെ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നടന്ന വനവികാസ് ഏജൻസിയുടെ യോഗത്തിലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിരുന്നില്ല എന്നും ആക്ഷേപമുണ്ട്.

