മരണ ഭീതിയില്‍ ഈസ്റ്റ് ഒറ്റപ്പാലം ഗവ. സ്കൂള്‍

 മരണ ഭീതിയില്‍ ഈസ്റ്റ് ഒറ്റപ്പാലം ഗവ. സ്കൂള്‍



ഒറ്റപ്പാലം: കാറ്റിലും മഴയിലും മേഖലയില്‍ മരങ്ങള്‍ കടപുഴകി അപകടങ്ങള്‍ പതിവായിട്ടും ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർ സെക്കൻഡറി സ്‌കൂള്‍ കോമ്പൗണ്ടിലെ മരം മുറിച്ചുനീക്കല്‍ അനന്തമായി നീളുന്നു.



ശക്തമായ കാറ്റിനെ അതിജീവിക്കാനാവാത്ത പാഴ്‌മരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണിത്.


ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ പാചകപ്പുരയുടെ മുകളിലേക്ക് ചാഞ്ഞാണ് മരത്തിന്റെ നില്‍പ്പ്. കഴിഞ്ഞ വർഷമാണ് പാചകപ്പുര പ്രവർത്തിച്ചുതുടങ്ങിയത്. ഇതിന്റെ ഭാഗമായി അപകടഭീഷണിയായി നില്‍ക്കുന്ന മരം മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭക്ക് കത്ത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ മരത്തിന്റെ ശിഖരം പൊട്ടിവീണെങ്കിലും സമീപത്ത് കുട്ടികളാരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഒരുവട്ടം മരം മുറിച്ചുനീക്കാൻ ആളുകള്‍ എത്തിയെങ്കിലും പ്രവൃത്തി ദിവസമായതിനാല്‍ കുട്ടികളുടെ സുരക്ഷയെ കരുതി ഒഴിവാക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതർക്ക് മുൻകൂട്ടി വിവരം നല്‍കാതെയാണ് മരം മുറിക്കാൻ തൊഴിലാളികള്‍ എത്തിയത്. ഇതിന് ശേഷം പ്രശ്‌നപരിഹാരത്തിനായി ആരും തിരിഞ്ഞുനോക്കിയിട്ടില്ല. വൈദ്യുതി ലൈൻ കടന്നുപോകുന്നത് മരത്തിന് സമീപമാണ്. ഉടൻ മരം മുറിച്ചുനീക്കാൻ നടപടി വേണമെന്ന് സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് പി.എം.എ ജലീല്‍ ആവശ്യപ്പെട്ടു.



Previous Post Next Post