ജഡ്ജിമാര്‍ പ്രാദേശിക ഭാഷ അറിയണമെന്നത് ന്യായമായ ആവശ്യം -സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ജുഡീഷ്യല്‍ ഓഫിസർമാരായി നിയമനം തേടുന്നവർ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണമെന്ന നിബന്ധന ശരിവച്ച് സുപ്രീം കോടതി.
പഞ്ചാബ്, കർണാടക, മഹാരാഷ്ട്ര, ഒഡീഷ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമീഷനുകള്‍ ഏർപ്പെടുത്തിയ വ്യവസ്ഥയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
ജുഡീഷ്യല്‍ ഓഫിസറായി നിയമിക്കപ്പെടുന്നയാള്‍ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം നേടിയിരിക്കണം എന്ന നിബന്ധന സാധുതയുള്ളതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജുഡീഷ്യല്‍ ഉദ്യോഗസ്ഥർ സാക്ഷികളെയും തെളിവുകളെയും പ്രാദേശിക ഭാഷയില്‍ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രാദേശിക ഭാഷ കൈകാര്യം ചെയ്യേണ്ടുന്നതിനാല്‍ ഇത്തരമൊരു ആവശ്യം തികച്ചും ന്യായമാണെന്നും പൊതുതാല്‍പ്പര്യ ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

