കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ പുതിയ ആസ്ഥാന മന്ദിരമായി; ഉദ്ഘാടനം സ്വാതന്ത്ര്യ ദിനത്തില്‍

 കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ പുതിയ ആസ്ഥാന മന്ദിരമായി; ഉദ്ഘാടനം സ്വാതന്ത്ര്യ ദിനത്തില്‍



ന്യൂഡല്‍ഹി: ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ പുതിയ ആസ്ഥാന മന്ദിരമായി. കോട്‍ല മാർഗിലെ '9എ'യിലാണ് 'ഇന്ദിര ഭവൻ' എന്ന പേരില്‍ പുതിയ ആസ്ഥാനം ഒരുങ്ങിയത്.



സർക്കാർ അനുമതി ലഭിച്ചാല്‍ വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ ഉദ്ഘാടനം നടക്കുമെന്ന് പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു.


ആറ് നിലകളിലായാണ് ആസ്ഥാന മന്ദിരം ഒരുക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷൻ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാർ, സെക്രട്ടറിമാർ, മറ്റ്‌ ഭാരവാഹികള്‍ എന്നിവർക്കും പാർലമെന്ററി പാർട്ടി നേതാവിനും ലോക്സഭയിലെ പ്രതിപക്ഷ നേതാവിനും പോഷക സംഘടനകള്‍ക്കുമെല്ലാം പ്രത്യേക മുറികള്‍ ഉണ്ടാകും. കോണ്‍ഫറൻസ് ഹാളുകള്‍, ലൈബ്രറി, ഗവേഷണ കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്. ദീൻ ദയാല്‍ ഉപാധ്യായ മാർഗില്‍ നിന്നും കോട്‍ല മാർഗില്‍ നിന്നും പ്രവേശന കവാടങ്ങള്‍ ഉണ്ടാകും. കോട്‍ല മാർഗില്‍ നിന്നാണ് പ്രധാന പ്രവേശന കവാടം. ദീൻ ദയാല്‍ ഉപാധ്യായ മാർഗില്‍ ആണ് ബി.ജെ.പി ആസ്ഥാനമുള്ളത്.


2016ലാണ് കോട്‍ല മാർഗിലെ എ.ഐ.സി.സി ആസ്ഥാന മന്ദിരത്തിന്റെ പ്രവൃത്തി തുടങ്ങിയത്. 2019ല്‍ കോണ്‍ഗ്രസിന്റെ 130ാം സ്ഥാപക ദിനത്തില്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനമെങ്കിലും ഫണ്ടിന്റെ അപര്യാപ്തത ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നിർമാണം വൈകുകയായിരുന്നു. നിലവില്‍ 24, അക്ബർ റോഡിലാണ് എ.ഐ.സി.സി ആസ്ഥാനം. 1978 ല്‍ ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനും എം.പിയുമായിരുന്ന ജി. വെങ്കിട്ടസ്വാമി തന്റെ വസതി കോണ്‍ഗ്രസിനായി വിട്ടു നല്‍കുകയായിരുന്നു.



Previous Post Next Post