ഭ്രാന്തുള്ളവര്‍ക്ക് ഗവര്‍ണര്‍ ആകരുതെന്നില്ല; ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സ്വരാജ്

ഭ്രാന്തുള്ളവര്‍ക്ക് ഗവര്‍ണര്‍ ആകരുതെന്നില്ല; ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സ്വരാജ്
കണ്ണൂര്‍ | ഭ്രാന്തുള്ളവര്‍ക്ക് എം പിയോ എം എല്‍ എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നും സി പി എം നേതാവ് എം സ്വരാജ്. ആരിഫ് മുഹമ്മദ് ഖാന്‍ ഭാവിയില്‍ കേരള ഗവര്‍ണറാകുമെന്ന ദീര്‍ഘവീക്ഷണത്തോടെ വകുപ്പ് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ കെ എസ് ഇ ബി ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറാകാന്‍ പ്രായപരിധിയെ കുറിച്ച് മാത്രമാണ് ഭരണ ഘടന പറയുന്നത്. എന്നാല്‍ എം പിയോ എം എല്‍ എയോ ആകണമെങ്കില്‍ ചിത്തഭ്രമം ഉണ്ടാകാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. കേരളത്തിന്റെ ഗവര്‍ണര്‍ക്ക് ചില പ്രത്യേകമായ മാനസികാവസ്ഥയുണ്ടാകാറുണ്ട്, പ്രത്യേകം സന്ദര്‍ഭങ്ങളിലെന്നും സ്വരാജ് പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സി പി എമ്മിനെതിരെ ഗവര്‍ണര്‍ വലിയ വിമര്‍ശമുന്നയിക്കുകയുണ്ടായി. വൈദേശികാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണിവര്‍ എന്നാണ് അന്ന് അദ്ദേഹം ആക്ഷേപമായി പറഞ്ഞത്. ഇത് സത്യത്തില്‍ അദ്ദേഹത്തിന്റെ വിമര്‍ശമല്ല, ആര്‍ എസ് എസിന്റേതാണെന്നും സ്വരാജ് പറഞ്ഞു.
 
Previous Post Next Post