സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച കേസിലെ പ്രതി ബാർ ജീവനക്കാരൻ പിടിയിൽ
ചാവക്കാട്: സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച കേസിലെ പ്രതിയായ ബാർ ജീവനക്കാരൻ പിടിയിൽ. ചാലിശ്ശേരി പെരിങ്ങോട് ചാഴിയാട്ടിരി മലയംകുന്നത്ത് വീട്ടിൽ രജീഷിനെയാണ് (36) ചാവക്കാട് എസ്.ഐ വി.വി. സജീവൻ അറസ്റ്റ് ചെയ്തത്.
ചാവക്കാട് മുഗൾ ജ്വല്ലറിയുടെ സെക്ക്യൂരിറ്റി ജീവനക്കാരൻ തിരുവത്ര പുതിയറ കാളീടകായിൽ ഉമ്മറിനെയാണ് (60) ഇയാൾ ആക്രമിച്ചത്. ക്രൂരമായി മർദിച്ച് മൂക്കിന്‍റെ എല്ല് തകർത്തിരുന്നു. റോഡിൽ വീണുകിടന്ന ഉമ്മറിനെ പ്രതി നിന്ന് ചവിട്ടുന്നതടക്കമുളള സംഭവത്തിന്‍റെ ദൃശ്യം സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
ഈ മാസം ആദ്യവാരത്തിലായിരുന്നു സംഭവം. ജ്വല്ലറിക്കു പിൻഭാഗത്തെ സമുദ്ര ബാറിലെ ജീവനക്കാരനായ ഇയാൾ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഉമ്മറിനെ ആക്രമിച്ചതിനെതിരെ നാട്ടുകാരും സി.പി.എം പ്രവർത്തകരുമടക്കം വ്യാപകമായ പ്രതിഷേധത്തിലായിരുന്നു. പാലക്കാട് പല ഭാഗങ്ങളിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

