ഹരിത സന്ദേശവുമായി കുട്ടികളുടെ ഹരിതസഭ
കുന്നംകുളം:മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭ പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കുന്നംകുളം ടൗൺ ഹാൾ മിനിഹാളിൽ വെച്ച് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. 150 ഓളം വിദ്യാർത്ഥികൾ ഹരിതസഭയിൽ പങ്കെടുത്തു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ നഗരസഭയുടെ മാതൃകാ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് ആമുഖ പ്രഭാഷണം നടത്തി. കുട്ടികളുടെ പാനൽ പ്രതിനിധികളായ ഉത്തര സി.ആർ, ജെസിൻ, അനസ് എന്നിവരാണ് ഹരിത സഭ നിയന്ത്രിച്ചത്. ഓരോ സ്കൂളിനെ പ്രതിനിധീകരിച്ച് സ്ക്കൂൾ തലത്തിൽ നടക്കുന്ന മാലിന്യ സംസ്കരണ അവബോധ പ്രവർത്തനങ്ങളെ സംബന്ധിച്ചും, എങ്ങിനെയാവണം വൃത്തിയുള്ള നഗരം എന്നതിനെ സംബന്ധിച്ചും, കുട്ടികളുടെ കാഴ്ച്ചപ്പാട് റിപ്പോർട്ടായി അവതരിപ്പിച്ചു. കുട്ടികൾ ഉയർത്തിയ സംശയങ്ങൾ , കുന്നംകുളം നഗരസഭയിൽ ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഖര - ദ്രവ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. സോമശേഖരൻ, ക്ലീൻസിറ്റി മാനേജർ അറ്റ്ലി. പി. ജോൺ എന്നിവർ മറുപടി നല്കി സംസാരിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമൻ, പ്രിയ സജീഷ്, പി.കെ. ഷെബീർ, മറ്റ് ജനപ്രതിനിധികൾ ആരോഗ്യ വിഭാഗം സീനിയർ പബ്ലിക് ഇൻസ്പെക്ടർമാരായ .പിഎ വിനോദ് രഞ്ജിത്ത് പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷീബ. എം.എസ്, സജീഷ് പി.എസ്, വിഷ്ണു പി പി, എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. തുടർന്ന് വിദ്യാർത്ഥികൾ ഗ്രീൻ പാർക്ക് സന്ദർശിച്ചു. ജൈവവളം നിർമ്മാണം, ചകിരി ഡി ഫൈബറിങ്ങ് യൂണിറ്റ്, ഹരിത കർമ്മസേനയുടെ സെഗ്രിഗേഷൻ പ്രവർത്തനങ്ങൾ എന്നിവ കുട്ടികൾ കണ്ട് മനസ്സിലാക്കി. പ്രകൃതി സംരക്ഷണ- മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ അവബോധമുള്ള ഭാവി തലമുറയെ വാർത്തെടുക്കുന്നതിനാണ് ഹരിതസഭ ലക്ഷ്യമിടുന്നത്. കുന്നംകുളം നഗരസഭ പരിധിയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് ഗ്രീൻ പാർക്ക് സന്ദർശിക്കുന്നതിനും, നഗരസഭയുടെ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ കണ്ടു പഠിക്കുന്നതിനും അവസരമൊരുക്കാൻ ഹരിതസഭ തീരുമാനമെടുത്തു.

