കുന്നംകുളം ബോയ്സ് സ്കൂളിൽ വിദ്യാർഥി സംഘർഷം; പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.
കുന്നംകുളം: ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥി സംഘർഷം. സംഘർഷത്തിൽ പ്ലസ് ടു വിദ്യാർഥിയുടെ ചെവിയുടെ ഒരു ഭാഗം അറ്റു പോയി. കഴിഞ്ഞ 19 ആം തീയതി രാത്രിയാണ് സംഭവം.
മർദ്ദന വിവരം മറച്ചു വെക്കാനാണ് അധ്യാപകർ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മർദ്ദനവിവരം പുറത്തുപറഞ്ഞാൽ പ്ലസ് ടു വിദ്യാർത്ഥിയായ മകനെതിരെ റാഗിംഗ് കേസ് ഉണ്ടാകുമെന്നും ഭാവി നഷ്ടപ്പെടുമെന്നും അധ്യാപകർ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറഞ്ഞു.
പരിക്കേറ്റ വിദ്യാർത്ഥി നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആക്രമിച്ച വിദ്യാർത്ഥികൾക്ക് എതിരെയും, മർദ്ദന വിവരം മറച്ചുവെക്കാൻ ശ്രമിച്ച അധ്യാപകർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.
മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ മൊഴി ഇന്ന് കുന്നംകുളം പോലീസ് രേഖപ്പെടുത്തും. സംഭവത്തിനിടെ ആക്രമിച്ച വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൊലവിളി സന്ദേശവും പുറത്തുവന്നിട്ടുണ്ട്.




