ചാവക്കാട് പുത്തൻ കടപ്പുറത്ത് മധ്യവയസ്കന് വെട്ടേറ്റു; മുഖംമൂടി സംഘമെന്ന് സൂചന
ചാവക്കാട്: പുത്തൻ കടപ്പുറത്ത് വീട്ടിൽ തനിച്ച് താമസിക്കുന്ന മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര ഇ.എം.എസ്. നഗർ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന മരക്കാത്ത് വീട്ടിൽ ഹമീദിനാണ് (52) വെട്ടേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
അക്രമത്തിന് ഇരയായ ഹമീദ്, കഴുത്തിന് ഗുരുതരമായി മുറിവേറ്റ നിലയിൽ അയൽവീട്ടിലേക്ക് ഓടിയെത്തി വിവരം അറിയിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ഹമീദ് നാട്ടുകാരോട് പറഞ്ഞു. കൈയ്ക്കും കഴുത്തിനും പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി.
ആദ്യം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹമീദിനെ, പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.



