പോക്സോ കേസ്: സജീവന് ആറ് വർഷം കഠിനതടവ് കൂടി; നേരത്തെ ലഭിച്ചത് 240 വർഷം ശിക്ഷ

പോക്സോ കേസ്: സജീവന് ആറ് വർഷം കഠിനതടവ് കൂടി; നേരത്തെ ലഭിച്ചത് 240 വർഷം ശിക്ഷ



ചാവക്കാട്: പന്ത്രണ്ട് വയസ്സുകാരനെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒരുമനയൂർ മുത്തമ്മാവ് സ്വദേശി മാങ്ങാടി വീട്ടിൽ സജീവനെയാണ് (52) ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

പിഴയൊടുക്കിയില്ലെങ്കിൽ നാല് മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2023 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. സമാനമായ മറ്റ് കേസുകളിൽ ഇതേ കോടതിയിൽ നിന്ന് 240 വർഷം തടവ് ശിക്ഷ ലഭിച്ച പ്രതി നിലവിൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. അതിജീവിതയുടെ ഇളയ സഹോദരനെയും സുഹൃത്തിനെയും പീഡിപ്പിച്ച കേസുകളിൽ നേരത്തെ 130 വർഷവും 110 വർഷവും തടവ് ശിക്ഷ പ്രതിക്ക് ലഭിച്ചിരുന്നു. ഇത്തരത്തിൽ വൻ ശിക്ഷാ കാലാവധി ലഭിച്ച പ്രതിക്കെതിരെയുള്ള മൂന്നാമത്തെ കേസിലെ വിധിയാണിത്.

ചാവക്കാട് പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ഷൗജത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് എസ്.ഐ അനിൽ കുമാർ പി.എസ് ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എസ്.ഐ സെസിൽ ക്രിസ്ത്യൻ രാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവർ ഹാജരായി. വിസ്താരവേളയിൽ 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. ലെയ്സൺ ഓഫീസറായ സി.പി.ഒ എ. പ്രസീത നടപടികൾ ഏകോപിപ്പിച്ചു.





Previous Post Next Post