ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതില്‍ ഓട്ടോ തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം
അക്കിക്കാവ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതില്‍ ഓട്ടോ തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം. ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഇല്ലാത്തതിനാല്‍ നാട്ടുകാരും ഓട്ടോ തൊഴിലാളികളും സംയുക്തമായി ഹൈമാസ്റ്റ് ലൈറ്റിന്റെ മാതൃകയില്‍ റാന്തല്‍ വിളക്കുകള്‍ കത്തിച്ചാണ് പ്രതിഷേധം തീര്‍ത്തത്. മേഖലയില്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം പെരുകിയതോടെ പൊറുതിമുട്ടിയ നാട്ടുകാര്‍ പല തവണ പഞ്ചായത്തിനോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ജംഗ്ഷനിലെ കടവരാന്തകള്‍ , ഓട്ടോ പാര്‍ക്ക് , ബസ്സ് സ്റ്റോപ്പ് , സമീപത്ത് കാടുപിടിച്ചു കിടക്കുന്ന ഒഴിഞ്ഞ പറമ്പ് എന്നിവ കേന്ദ്രീകരിച്ചാണ് സാമൂഹിക വിരുദ്ധരുടെ വിളയാട്ടമെന്നും ഇതില്‍ ലഹരി സംഘങ്ങള്‍ വരെ ഉണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് നാലും കൂടിയ ജംഗ്ഷന്‍ ഇരുട്ടിലായതോടെ ബുദ്ധിമുട്ടുന്നതെന്നും നാട്ടുകാരും പറഞ്ഞു.