മുന്നറിയിപ്പില്ലാതെ, പരാജയപ്പെട്ട പരിഷ്കാരം വീണ്ടും; തൃശൂർ പോസ്റ്റോഫീസ് റോഡ് ‘വൺവേ’
തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ വീണ്ടും വൺവേ പരിഷ്ക്കാരം. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി ഏറെ പരാതികളുയർന്നതിനെ തുടർന്ന് പൊലീസ് തന്നെ പിൻവലിച്ച വൺവേ പരിഷ്കാരമാണ് മുന്നറിയിപ്പൊന്നുമില്ലാതെ ഞായറാഴ്ച മുതൽ നടപ്പിലാക്കിയത്. തൃശൂർ നഗരത്തിൽ ഗതാഗത പരിഷ്ക്കാരം നടപ്പാക്കുന്ന ട്രാഫിക്ക് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനപ്രകാരം മേയർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വൺവേ നടപ്പിലാക്കിയതെന്ന് പൊലീസ് അറിയിച്ചു. പുതിയ പരിഷ്കാരമനുസരിച്ച് മുൻസിപ്പൽ റോഡിൽ നിന്ന് പോസ്റ്റ് ഓഫീസുകളിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ചെട്ടിയങ്ങാടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് എം.ഒ റോഡിലേക്ക് പ്രവേശിക്കാം. ഈ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്കാരം നടപ്പാക്കിയത്. നേരത്തെ ഈ പരിഷ്കാരം നടപ്പാക്കിയിരുന്നെങ്കിലും പോസ്റ്റോഫീസ് റോഡിലെ വ്യാപാരികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പരിഷ്ക്കാരം പിൻവലിച്ചിരുന്നത്. മുന്നറിയിപ്പില്ലാതെ പരിഷ്കാരം നടപ്പിലാക്കിയതിൽ ഞായറാഴ്ച വലഞ്ഞത് ചെട്ടിയങ്ങാടി പള്ളിയിലേക്ക് വന്നവരായിരുന്നു. തിങ്കളാഴ്ച പ്രവൃത്തി ദിവസമാകുന്നതോടെ റെയിൽവേ, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലേക്ക് പോകുന്നവരും വലയും. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടും പരാജയപ്പെട്ടതാണെന്നിരിക്കെ ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയിൽ വിഷയം വന്നപ്പോൾ പ്രതിസന്ധിയെ കുറിച്ച് പൊലീസ് മൗനം പാലിച്ചുവെന്ന് വിമർശനമുണ്ട്. നേരത്തെ ഹോൺ മുഴക്കാൻ പാടില്ലെന്നും ഈ മാസം ഒന്ന് മുതൽ സ്വരാജ് റൗണ്ടിൽ ലെയിൻ ട്രാഫിക് സംവിധാനവുമടക്കം ഗതാഗത പരിഷ്കാരം നിർദേശിച്ചിരുന്നുവെങ്കിലും ഇതൊന്നും ഫലപ്രദമായി നടപ്പിലായില്ല.